ഹറമിലേക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരോധിച്ചിട്ടുണ്ട്, പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേകം മാര്‍ക്ക് ചെയ്ത ഭാഗങ്ങള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്, മുസ്വല്ലകളും ഖുര്‍ആനും കയ്യിലുണ്ടാകണം, ഖുര്‍ആന്‍ ആപ്ലിക്കേഷനും ഉപയോഗപ്പെടുത്താം.

റിയാദ്: മക്ക, മദീന ഹറമുകളിലും ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമാക്കി. ഹറമില്‍ എത്തുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദേശം വീണ്ടും പുറത്തിറക്കി. സൗദിയിലെ പള്ളികളില്‍ കൊവിഡ് ജാഗ്രതയില്‍ വീഴ്ച സംഭവിക്കുന്നത് കണ്ടെത്തിയതോടെ പ്രോട്ടോക്കോള്‍ പാലിക്കാന്‍ താക്കീത് നല്‍കിയിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കാതെ പള്ളികളില്‍ പെരുമാറുന്നത് പരിശോധനയില്‍ കണ്ടെത്തിയാല്‍ പിഴ ചുമത്തും. ദിനംപ്രതി കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇരു ഹറമുകളിലേയും നീക്കം. രാജ്യത്തെ പള്ളികളില്‍ കൊവിഡ് മുന്‍കരുതല്‍ പാലിക്കുന്നതില്‍ വീഴ്ച വരുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തുടക്കം മുതല്‍ ശക്തമാണ് മക്ക മദീന ഹറമിലെ കൊവിഡ് പ്രോട്ടോക്കോള്‍. പുതിയ സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ഇരു ഹറം കാര്യാലയം. ഹറമിലേക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരോധിച്ചിട്ടുണ്ട്, പ്രാര്‍ത്ഥനകള്‍ക്ക് പ്രത്യേകം മാര്‍ക്ക് ചെയ്ത ഭാഗങ്ങള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്, മുസ്വല്ലകളും ഖുര്‍ആനും കയ്യിലുണ്ടാകണം, ഖുര്‍ആന്‍ ആപ്ലിക്കേഷനും ഉപയോഗപ്പെടുത്താം. മുഴുവന്‍ സമയം സാമൂഹിക അകലം പാലിക്കണമെന്നും ഇരു ഹറം കാര്യാലയ വിഭാഗം ഓര്‍മപ്പെടുത്തി. രാജ്യത്ത് പള്ളികളില്‍ പ്രോട്ടോകോള്‍ ലംഘനം കണ്ടെത്തുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ പരിശോധനയില്‍ വ്യക്തികള്‍ക്കും പിഴ ചുമത്തും.