തീര്‍ത്ഥാടകര്‍ക്ക് വാക്സിന്‍ നിര്‍ബന്ധമില്ലെങ്കിലും, മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, ഉംറക്കും നമസ്‌കാരത്തിനുമുള്ള പെര്‍മിറ്റുകള്‍ കരസ്ഥമാക്കുക, തവക്കല്‍നാ ആപ്പ് പ്രവര്‍ത്തനസജ്ജമാക്കുക തുടങ്ങിയ മുഴുവന്‍ ചട്ടങ്ങളും നിര്‍ബന്ധമായും പാലിച്ചിരിക്കണം.

റിയാദ്: കൊവിഡ് വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും റമദാനില്‍ ഉംറ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഈ ആനുകൂല്യമെന്നും സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്ന ജീവനക്കാര്‍ റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വാക്സിന്‍ സ്വീകരിച്ചിരിക്കണം. കുത്തിവെപ്പെടുക്കാത്ത ജീവനക്കാര്‍ ഓരോ ആഴ്ചയിലും കാലാവധിയുള്ള പി.സി.ആര്‍ നെഗറ്റീഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

തീര്‍ത്ഥാടകര്‍ക്ക് വാക്സിന്‍ നിര്‍ബന്ധമില്ലെങ്കിലും, മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, ഉംറക്കും നമസ്‌കാരത്തിനുമുള്ള പെര്‍മിറ്റുകള്‍ കരസ്ഥമാക്കുക, തവക്കല്‍നാ ആപ്പ് പ്രവര്‍ത്തനസജ്ജമാക്കുക തുടങ്ങിയ മുഴുവന്‍ ചട്ടങ്ങളും നിര്‍ബന്ധമായും പാലിച്ചിരിക്കണം. ചട്ടങ്ങളില്‍ വീഴ്ചവരുത്തുന്നവരെ കണ്ടെത്തുന്നതിനായി റമദാനില്‍ പരിശോധന ശക്തമാക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു. റമദാനില്‍ ഹറം പള്ളിയില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ മക്കയിലേക്ക് വരുന്നവര്‍ സമയനിഷ്ട പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ സമയത്ത് മസ്ജിദുല്‍ ഹറമിലെത്തുന്നതിനനുസരിച്ചായിരിക്കണം അത് ക്രമീകരിക്കേണ്ടത്. നേരത്തെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍നിന്ന് തിരിച്ചയക്കും. 18 മുതല്‍ 70 വയസ്സ് വരെയുള്ളവര്‍ക്ക് ഉംറ നിര്‍വ്വഹിക്കുവാന്‍ ഇഅ്തമര്‍നാ ആപ്പ് വഴി അനുമതി നേടാം.

റമദാന്‍ മാസത്തില്‍ അഞ്ച് ലക്ഷത്തിലേറെ ഉംറ തീര്‍ത്ഥാടകര്‍ പുണ്യഭൂമിയിലെത്തുമെന്നാണ് പ്രതീക്ഷ. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ വാക്സിന്‍ സ്വീകരിച്ചവരാണെങ്കിലും, സൗദിയിലെത്തിയാല്‍ 3 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. ഈ വര്‍ഷം സൗദിക്കകത്ത് നിന്ന് ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ ദുല്‍ ഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.