കൊവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്ന എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റാസല്‍ഖൈമ പൊലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ വിവാഹത്തിന്റെ പേരില്‍ ഒരു ഹാള്‍ അടച്ചുപൂട്ടിക്കുകയും കനത്ത പിഴ ഈടാക്കുകയും ചെയ്‍തിരുന്നു. 

റാസല്‍ഖൈമ: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ആഘോഷങ്ങള്‍ സംഘടിപ്പിച്ച വരനെ അറസ്റ്റ് ചെയ്‍തതായി പൊലീസ് അറിയിച്ചു. ഏഷ്യക്കാരനായ ഇയാള്‍ ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തിരുന്നു. റാസല്‍ഖൈമയിലെ ഒരു ഹാളില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വരനും മറ്റ് അതിഥികളും എല്ലാവിധ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും ലംഘിച്ചതിനുള്ള തെളിവായി മാറി ഈ ദൃശ്യങ്ങള്‍. തുടര്‍ നടപടികള്‍ക്കായി കേസ് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ വിഭാഗത്തിന് കൈമാറി.

കൊവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്ന എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റാസല്‍ഖൈമ പൊലീസ് വീണ്ടും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ വിവാഹത്തിന്റെ പേരില്‍ ഒരു ഹാള്‍ അടച്ചുപൂട്ടിക്കുകയും കനത്ത പിഴ ഈടാക്കുകയും ചെയ്‍തിരുന്നു. എമിറേറ്റിലെ ഇക്കണോമിക് ഡിപ്പാര്‍ട്ട്മെന്റാണ് നടപടി സ്വീകരിച്ചത്. ആവശ്യമായ അനുമതികള്‍ വാങ്ങാതെയായിരുന്നു ഈ വിവാഹ ചടങ്ങ്. ഇതിവ് പുറമെ മാസ്‍ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിക്കുന്നതായിരുന്നു ചടങ്ങുകളെല്ലാം.

ജൂണ്‍ അവസാനം മുതല്‍ തന്നെ റാസല്‍ഖൈമയിലെ വെഡിങ് ഹാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കര്‍ശന സുരക്ഷാ ഉപാധികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ജീവക്കാരുടെയും കൊവിഡ് പരിശോധന നടത്തണം. ഇടയ്ക്കിടെ താപനില പരിശോധിക്കണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള ആരെയും പരിസരത്തേക്ക് പോലും പ്രവേശിക്കാന്‍ അനുവദിക്കരുത്. അതിഥികളുടെ എണ്ണം കുറയ്ക്കണം. ആളുകള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണുള്ളത്. ഇതിന് പുറമെ ചടങ്ങുകള്‍ നടക്കുന്നതിന് ഒരു ദിവസം മുമ്പ് എങ്കിലും കമ്മ്യൂണിറ്റി പൊലീസിനെ വിവരമറിയിച്ച് ജനങ്ങളുചെ സുരക്ഷ ഉറപ്പാക്കണമെന്നും അറിയിച്ചിട്ടുണ്ട്.