അബുദാബി: അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന വീടുകള്‍ കണ്ടെത്താന്‍ അബുദാബി മുനിസിപ്പാലിറ്റി വ്യാപക പരിശോധന തുടങ്ങുന്നു. ശഖബൂത്ത് സിറ്റിയിലാണ് ഇപ്പോള്‍ പരിശോധനയും ബോധവത്കരണവും ആരംഭിച്ചിരിക്കുന്നത്. വീടുകളില്‍ കൂടുതല്‍ പേര്‍ താമസിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ, സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ഉദ്‍ബോധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് നടപടി.

ജനുവരി 28 വരെ നീണ്ടുനില്‍ക്കുന്ന ഇപ്പോഴത്തെ ക്യാമ്പയിനില്‍, വീടുകളില്‍ കൂടുതല്‍ പേര്‍ താമസിക്കുന്നതുകൊണുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഇത്തരം പ്രവണതകളുടെ ദൂഷ്യവശങ്ങള്‍ കുറയ്ക്കാനും അധികൃതര്‍ ശ്രമിക്കുന്നു. നഗരത്തിന്റെ പൊതു സൗന്ദര്യത്തിന്‌ ഭംഗം വരുത്തുന്ന രീതിയിലുള്ള കെട്ടിടങ്ങളെയും പരിശോധനയില്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട്.

ചെറിയ അപ്പാര്‍ട്ട്മെന്റുകളിലും മുറികളിലും നിരവധിപ്പേര്‍ താമസിക്കുന്ന കെട്ടിടങ്ങളിലുള്ളവര്‍ നിയമനടപടികള്‍ക്ക് മുമ്പേ സ്വയം അവ പരിഹരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അമിതമായ ആള്‍ക്കൂട്ടം  പൊതുസംവിധാനങ്ങള്‍ക്കും വൈദ്യുതിക്കും ഗതാഗതസംവിധാനങ്ങള്‍ക്കും പ്രശ്നങ്ങളുണ്ടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

യുഎഇയിലെ താമസ നിയമമനുസരിച്ച് ഒരു മുറിയില്‍ പരമാവധി മൂന്ന് പേര്‍ക്കാണ് താമസിക്കാന്‍ അനുമതിയുള്ളത്. ഇതിന് പുറമെ മുറികള്‍ വീണ്ടും ചെറുതായി വേര്‍തിരിക്കുന്നതും കുറ്റകരമാണ്. പതിനായിരം മുതല്‍ ഒരു  ലക്ഷം ദിര്‍ഹം വരെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ. വീണ്ടും പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെയായി പിഴ ഉയരും.