ദുബൈ: ജോലിക്കിടെ 65 മീറ്റര്‍ ഉയരത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായ ക്രെയിന്‍ ഓപ്പറേറ്ററെ ദുബൈ പൊലീസ് രക്ഷപ്പെടുത്തി. ജബല്‍ അലിയിലായിരുന്നു സംഭവം ഉണ്ടായത്. ജോലിക്കിടെ ക്രെയിന്‍ ഓപ്പറേറ്റര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന വിവരം ലഭിച്ചയുടന്‍ ദുബൈ സിവില്‍ ഡിഫന്‍സ്, ദുബൈ കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസ്, ദുബൈ പൊലീസിലെ ലാന്‍ഡ് റെസ്‌ക്യൂ ടീം എന്നിവയുടെ സഹകരണത്തോടെ തങ്ങളുടെ ടീം രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നെന്ന് ദുബൈ പൊലീസ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റെസ്‌ക്യൂ ജനറല്‍ വിഭാഗം ഡിഫികല്‍റ്റ് മിഷന്‍സ് സെക്ഷന്‍ തലവന്‍ ലഫ്റ്റനന്‍റ് കേണല്‍ യഹ്യ ഹുസൈന്‍ മുഹമ്മദ് പറഞ്ഞു.

ജബല്‍ അലി തുറമുഖത്തിന് സമീപം 13 നില കെട്ടിടത്തിന്റെ ഉയരത്തില്‍(65 മീറ്റര്‍) ജോലി ചെയ്യുമ്പോഴാണ് ക്രെയിന്‍ ഓപ്പറേര്‍ക്ക്  ദേഹാസ്വാസ്ഥ്യം ഉണ്ടായത്. രക്തം കട്ട പിടിക്കുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതോടെ ഇദ്ദേഹം ക്രെയിനില്‍ കുടുങ്ങിക്കിടന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ അടുത്തെത്തുകയും പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ക്രെയിനിന്റെ ഇലക്ട്രിക് ലിഫ്റ്റ് തകരാറിലായതിനാല്‍ ഇത് ശരിയാക്കിയ ശേഷമാണ് ഓപ്പറേറ്ററെ താഴെയെത്തിച്ചതെന്നും ഇതായിരുന്നു ഏറ്റവും പ്രതിസന്ധി ഘട്ടമെന്നും ലഫ്. കേണല്‍ യഹ്യ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.