കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടമായെത്തിയതോടെ ഞായറാഴ്ച വലിയ തിരക്കാണ് രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലുണ്ടായത്. 

ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം പൊതുമാപ്പ്  പ്രയോജനപ്പെടുത്തുന്നതിന് രജിസ്‌ട്രേഷന് അവസരം നല്‍കിയിരുന്നു. ഏപ്രില്‍ 26 മുതല്‍ 30 വരെ എല്ലാ രാജ്യക്കാരും രജിസ്‌ട്രേഷന് അവസരം നല്‍കിയതോടെയാണ് ജനങ്ങള്‍ കൂട്ടമായെത്തിയത്. ഏപ്രില്‍ ഒന്നുമുതല്‍ അനുവദിച്ച അഞ്ചു ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഈ ഘട്ടത്തില്‍ അവസരമുണ്ടാകും.  

ഏകദേശം രണ്ടായിരത്തോളം ആളുകള്‍ രജിസ്റ്റര്‍ ചെയ്യാനാവാതെ മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രജിസ്റ്റര്‍ ചെയ്തവര്‍ കബ്ദില്‍ ആഭ്യന്തര മന്ത്രാലയം ഒരുക്കിയ ക്യാമ്പിലാണ് കഴിയുന്നത്. വിമാന സര്‍വ്വീസ് ആരംഭിക്കുന്നത് വരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് താമസ സൗകര്യമൊരുക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് രജിസ്‌ട്രേഷനുള്ള സമയം അനുവദിച്ചിരിക്കുന്നത്.