പിടിയിലായ 24 അംഗ സംഘത്തിലെ എല്ലാവരും ഏഷ്യന്‍ വംശജരാണ്. വന്‍ തുക സമ്മാനമായി നേടി എന്ന രീതിയില്‍ യുഎഇയിലെ പ്രവാസി മലയാളികളെ തേടിയെത്തുന്ന ഫോണ്‍ കോളുകള്‍ നിരവധിയാണ്

അബുദാബി: ഭാഗ്യ സമ്മാനം കിട്ടിയെന്ന വ്യാജ ടെലിഫോണ്‍ സന്ദേശം നൽകി തട്ടിപ്പു നടത്തി വന്ന സംഘത്തെ അബുദാബി പൊലീസ് പിടികൂടി. പിടിയിലായ 24 അംഗ സംഘത്തിലെ എല്ലാവരും ഏഷ്യന്‍ വംശജരാണ്. വന്‍ തുക സമ്മാനമായി നേടി എന്ന രീതിയില്‍ യുഎഇയിലെ പ്രവാസി മലയാളികളെ തേടിയെത്തുന്ന ഫോണ്‍ കോളുകള്‍ നിരവധിയാണ്.

ഇത്തരത്തില്‍ ഫോണ്‍ വിളിച്ച് ജനങ്ങളെ പറ്റിച്ച സംഘത്തെയാണ് അബുദാബി പൊലീസും അജ്മാന്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ പിടികൂടിയത്. പിടിയിലായവരെല്ലാം ഏഷ്യന്‍ വംശജരാണ്. വിജയിച്ച തുകയുടെ പ്രോസസ്സിങ്ങ് ഫീസായി ടെലിഫോൺ റീചാർജ് കാർഡുകൾ കൈമാറാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നതായി അബുദാബി പൊലീസിന്‍റെ സിഐഡി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഇമ്രാൻ അഹമ്മദ് അൽ മസ്റൂയി പറഞ്ഞു. അജ്മാനിലെ ഒരു ഫ്ലാറ്റില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പൊലീസ് സംഘം സിനിമ സ്റ്റൈലിൽ ആണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഓപ്പറേഷന്റെ വിഡിയോയും അബുദാബി പൊലീസ് സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടു. സമ്മാനം നേടിയെന്നു പറഞ്ഞുവരുന്ന ഫോണ്‍ കോളുകളില്‍ വഞ്ചിതരാവരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.