ബര്‍ക്ക, സഹം വിലായത്തുകളിലും മസ്‍കത്ത്, ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് തൊട്ടടുത്ത സര്‍ക്കാര്‍ ഷെര്‍ട്ടറുകളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മസ്‍കത്ത്: ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് (Cyclone Shaheen) സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികളുമായി ദേശീയ ദുരന്ത നിവാരണ സമിതി (National emergency Management Committee). കാറ്റ് നേരിട്ട് ബാധിക്കുന്നത് വഴി ആഘാതമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശങ്ങളിലുള്ളവര്‍ വീടുകളില്‍ നിന്ന് അടുത്ത ഷെല്‍ട്ടറുകളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ബര്‍ക്ക, സഹം വിലായത്തുകളിലും മസ്‍കത്ത്, ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കുമാണ് തൊട്ടടുത്ത സര്‍ക്കാര്‍ ഷെര്‍ട്ടറുകളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്‍ച മുതല്‍ ഒമാനില്‍ കനത്ത മഴയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‍മെന്റ് അറിയിച്ചു. 48 മണിക്കൂറിനിടെ 200 മുതല്‍ 500 മില്ലീമീറ്റര്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലില്‍ എട്ട് മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കും. 

അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് 9999 എന്ന നമ്പറില്‍ റോയല്‍ ഒമാന്‍ പൊലീസിനെയും 1111 എന്ന നമ്പറില്‍ മസ്‍കത്ത് മുനിസിപ്പാലിറ്റി കോള്‍ സെന്ററിലും ബന്ധപ്പെടാം. ദേശീയ ദുരന്ത നിവാരണ സമിതിയിലും പ്രത്യേക ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയിട്ടുണ്ട്. ഫോണ്‍ - 24521666. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സ്വകാര്യ മേഖലയ്‍ക്ക് ഉള്‍പ്പെടെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ്‍, ഫെറി സര്‍വീസുകള്‍ നിര്‍ത്തിവെയ്‍ക്കുന്നതായി ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തും അറിയിച്ചിട്ടുണ്ട്.