റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഡക്കർ റാലി. 2019ലും അന്താരാഷ്ട്ര വാഹനയോട്ട താരങ്ങൾ സൗദിയിൽ റാലിയുമായെത്തിയിരുന്നു. ഇത്തവണത്തെ റാലിക്ക് ഞായറാഴ്ച ജിദ്ദയിലാണ് തുടക്കം കുറിച്ചത്. 13 ദിവസം നീളുന്ന റാലി 7,600 കിലോ മീറ്റർ സഞ്ചരിച്ച് ജിദ്ദയിൽ തന്നെ തിരിച്ചെത്തി സമാപിക്കും. 

ജിദ്ദയിൽ നിന്ന് ബീഷ വരെയാണ് ആദ്യഘട്ടം. റാലി 10 പട്ടണങ്ങളിലുടെ കടന്നുപോകും. സൗദി മോട്ടോർ സൈക്കിൾ ഫെഡറേഷനുമായി സഹകരിച്ച് സൗദി സ്പോർട്സ് മന്ത്രാലയമാണ് റാലി സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള 500 ലധികം മത്സരാർഥികൾ പെങ്കടുക്കുന്നുണ്ട്. സൗദി ഓട്ടോമൊബൈൽ, മൊട്ടോർ സൈക്കിൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അബ്ദുല്ല അൽഫൈസൽ, ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. 

ചടങ്ങിൽ വാഹനങ്ങൾ പ്രദർശിപ്പിക്കാനും ഡകർ റാലി അംഗങ്ങളെ അഭിവാദ്യം ചെയ്യാനും പ്രമുഖ മത്സരാർഥികളുടെ വരവും ഉൾപ്പെടുത്തിയിരുന്നു. ആറ് വിഭാഗങ്ങളായി 286 വാഹനങ്ങളാണ് റാലിയിൽ പെങ്കടുക്കുന്നത്. 101 മത്സരാർഥികൾ മോട്ടോർ സൈക്കിൾ വിഭാഗത്തിലാണ്. 16 മത്സരാർഥികൾ ഫോർ വീൽ മോട്ടോർ സൈക്കിൾ വിഭാഗത്തിലും 64 മത്സരാർഥികൾ കാർ വിഭാഗത്തിലും 61 മത്സരാർഥികൾ ലൈറ്റ് ഡെസേർട്ട് വെഹിക്കിൾ വിഭാഗത്തിലും 44 മത്സരാർഥികൾ ട്രക്ക് വിഭാഗത്തിലും 23 മത്സരാർഥികൾ ഡാകാർ ക്ലാസിക് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്.