ദമ്മാം: അപകടങ്ങളുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ സജ്ജീകരിക്കുന്ന സൈറണ്‍ കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തന സജ്ജമായി. ഇതിന്റെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നതിനായി ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സൈറണ്‍ മുഴക്കി പരിശോധിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സൈറണുകള്‍ സജ്ജീകരിക്കുന്നത്. ഓരോ പ്രവിശ്യാ ഗവര്‍ണറേറ്റുകളുടെയും കീഴിലുള്ള പ്രധാന നഗരങ്ങളിലും ജനവാസ മേഖലകളിലുമെല്ലാം സൈറണ്‍ മുഴങ്ങും. തലസ്ഥാനമായ റിയാദില്‍ സ്ഥാപിച്ച സൈറണുകളുടെ പരിശോധന കഴിഞ്ഞ വര്‍ഷം സെപ്‍തംബറിലാണ് നടത്തിയത്. റിയാദില്‍ ബുധനാഴ്ച നടത്തുന്ന പരീക്ഷണവുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ക്ക് അധികൃതര്‍ അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.