മനാമ: ബഹ്റൈനിലെ സ്കൂളുകളില്‍ സെപ്‍തംബര്‍ ആറ് മുതല്‍ അധ്യാപകരും മറ്റ് ജീവനക്കാരും ജോലിക്ക് എത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു. അതേസമയം സെപ്‍തംബര്‍ 16 മുതലായിരിക്കും കുട്ടികള്‍ സ്കൂളിലെത്തുകയെന്ന് പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ ഡയറക്ടര്‍ ഡോ. ഫവാസ് അല്‍ ഷെറൂഗി പ്രസ്താവനയിലൂടെ അറിയിച്ചു.

കൊവിഡ് സുരക്ഷാ  നടപടികളുടെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ പഠനം നിര്‍ത്തിവെച്ച തീരുമാനത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എന്നാല്‍ പുതിയ അക്കാദമിക വര്‍ഷത്തിലേക്ക് ഇത് ബാധകമല്ലെന്ന് ഡോ. ഫവാസ് അല്‍ ഷെറൂഗി  പറഞ്ഞു. എന്നാല്‍ സ്കൂളില്‍ വന്ന് പഠനം നടത്തേണ്ടതുണ്ടോ ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുന്നോ എന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.