എന്നാൽ, പ്രതിഭാഗം അഭിഭാഷകർ ഈ ആരോപണങ്ങൾ നിഷേധിച്ചു. ഇതോടെ യുവതിയുടെ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാൻ സാധ്യതയില്ലെന്നുള്ള വിലയിരുത്തലിലാണ് കോടതി എത്തിയത്
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ഒരു യുവതിയെ വിട്ടയക്കാൻ കുവൈത്ത് ക്രിമിനൽ കോടതി ഉത്തരവ്. നടപടിക്രമങ്ങൾക്കിടെ പ്രതി ബഹുമാനം അർഹിക്കുന്ന കുടുംബത്തിലെ മകളാണെന്ന വാദം അംഗീകരിച്ച കോടതി, കൂടുതൽ അന്വേഷണ വിധേയമായി പ്രതിയെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തപ്പെട്ടിരുന്നത്.
എന്നാൽ, പ്രതിഭാഗം അഭിഭാഷകർ ഈ ആരോപണങ്ങൾ നിഷേധിച്ചു. ഇതോടെ യുവതിയുടെ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാൻ സാധ്യതയില്ലെന്നുള്ള വിലയിരുത്തലിലാണ് കോടതി എത്തിയത്. അതേസമയം, കൗൺസിലർ ഡോ. ഖാലിദ് അൽ അമിറയുടെ അധ്യക്ഷതയിലുള്ള കോടതി 22 വയസ് മാത്രം പ്രായമുള്ള യുവതി ഇത്തരം കുറ്റകൃത്യങ്ങളുടെ വഴിയിലേക്ക് നീങ്ങുന്നതില്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
പ്രതിയോട് തന്‍റെ ജീവിത രീതികള്‍ പുനഃപരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടു. സ്വന്തം ജീവിതത്തിൽ മാത്രമല്ല, കുടുംബാംഗങ്ങളുടെ ജീവിതത്തിലും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി അനുവദിച്ച ഇളവ് കൂടുതൽ നിയമ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
