നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലാത്തവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. എന്നാല്‍ അച്ഛന്‍ അമ്മയുടെ വിസ റദ്ദാക്കി കുട്ടിയെയും അമ്മയെയും തന്ത്രപരമായി നാട്ടിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നെന്നും തിരികെ ബഹ്‌റൈനിലെത്തിയ പിതാവ് കുട്ടി പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നും സമ്മതമില്ലാതെ ടിസി വാങ്ങിയെന്നുമാണ് പരാതി.

മനാമ: ബഹ്‌റൈനിലെ(Bahrain) ഏഷ്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് കേരളത്തില്‍ നിന്നും മടങ്ങിയെത്തി ബഹ്‌റൈനില്‍ തന്നെ പഠനം തുടരാനുള്ള എന്‍ഒസി (NOC)നല്‍കാന്‍ കുട്ടിയുടെ പിതാവിന് നിര്‍ദ്ദേശം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍(State child rights commission) കുട്ടിക്ക് ബഹ്‌റൈനില്‍ തുടര്‍പഠനം നടത്താന്‍ അനുകൂലമായ ഉത്തരവിട്ടത്. 

നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലാത്തവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. എന്നാല്‍ അച്ഛന്‍ അമ്മയുടെ വിസ റദ്ദാക്കി കുട്ടിയെയും അമ്മയെയും തന്ത്രപരമായി നാട്ടിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നെന്നും തിരികെ ബഹ്‌റൈനിലെത്തിയ പിതാവ് കുട്ടി പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നും സമ്മതമില്ലാതെ ടിസി വാങ്ങിയെന്നുമാണ് പരാതി. ബഹ്‌റൈനില്‍ പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം. തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

ബഹ്‌റൈനിലെ സ്‌കൂളില്‍ പഠിക്കാനുള്ള അവസരം നിഷേധിച്ചെന്ന കുട്ടിയുടെ പരാതി പരിഗണിച്ച കമ്മീഷന്‍, ഉത്തരവ് കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ കുട്ടിക്ക് എന്‍ഒസി നല്‍കാന്‍ ആവശ്യപ്പെട്ടു. ബഹ്‌റൈനില്‍ പോകുന്നതിനുള്ള വിസ ആവശ്യങ്ങള്‍ക്ക് അമ്മയ്ക്ക് എന്‍ഒസി ഇ മെയിലായി അയയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കി. പിതാവ് ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ കുട്ടിക്ക് അമ്മയോടൊപ്പം ബഹ്‌റൈനില്‍ പോകാനും പഠനം തുടരാനും എന്‍ഒസി ഉള്‍പ്പെടെ ലഭ്യമാക്കാനുള്ള നടപടികള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. 30 ദിവസത്തിനകം നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.