ബഹ്റൈനില്‍ ഒരു അപ്പാര്‍ട്ട്‍മെന്റ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി.

മനാമ: ബഹ്റൈനില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം (Dead body inside a parked car) കണ്ടെത്തി. ഗുദൈബിയയിലെ (Gudaibiya) ഒരു അപ്പാര്‍ട്ട്‍മെന്റ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ പാര്‍ക്കിങ് (Underground parking) സ്ഥലത്താണ് പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളിലെ മൃതദേഹം കണ്ട് പരിഭ്രാന്തരായ മറ്റ് താമസക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അഞ്ച് മണിക്കൂറോളം പാര്‍ക്കിങ് സ്ഥലത്ത് പൊതുജനങ്ങളെ പ്രവേശിപ്പിച്ചില്ല. മദ്ധ്യവയസ്‍കനായ ഇന്ത്യക്കാരനാണ് മരിച്ചത്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്‍തിട്ടുണ്ട്. 

കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവ സ്ഥലത്തുനിന്ന് ഒരു കത്തിയും കുറിപ്പും കണ്ടെടുത്തതായും പ്രദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതായി ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. ബഹ്റൈന്‍ അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും ആവശ്യമായ എല്ലാ സഹായവും എംബസി ലഭ്യമാക്കുമെന്നും എംബസി വക്താവ് പറഞ്ഞു.