റിയാദ്: തമിഴ്നാട് സ്വദേശിയുടെ മൃതദേഹം അഞ്ചുമാസമായി സൗദി അറേബ്യയിലെ മോർച്ചറിയിൽ. ഹൃദയാഘാതം മൂലം താമസസ്ഥലത്ത് മരിച്ചുകിടന്ന തമിഴ്നാട് സാവ് ജില്ലയിലെ പുല്ലൂർ വെപ്പുരെ സ്വദേശി വെങ്കിടേഷ് പെരുമാളിന്റെ മൃതദേഹമാണ് റിയാദിന് സമീപം ദവാദ്മിയിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. തൊഴിലുടമയുടെ കൈയ്യിൽ പണമില്ലാത്തത് കൊണ്ടാണ് മൃതദേഹം നാട്ടിലേക്ക് അയക്കാൻ വൈകുന്നത്. ഒടുവിൽ ഇന്ത്യൻ എംബസി മുന്‍കൈയെടുത്ത് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമം നടക്കുന്നത്. 

ആട്ടിടയനായ വെങ്കിടേഷ് ആഗസ്റ്റ് 18നാണ് മരിച്ചത്. താമസസ്ഥലത്ത് കിടന്ന് ജീർണിക്കാൻ തുടങ്ങിയ മൃതശരീരം ഒരാഴ്ചക്ക് ശേഷമാണ് തൊഴിലുടമ തന്നെ കാണുന്നത്. ഉടൻ പൊലീസിൽ അറിയിച്ച് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. താഴ്ന്ന വരുമാനക്കാരനായതിനാൽ സ്പോൺസറുടെ കൈയ്യിൽ പണമില്ലാത്തതാണ് മൃതദേഹം നാട്ടിൽ അയക്കുന്നത് നീളാൻ കാരണം. ദവാദ്മിയിൽ നിന്ന് 100 കിലോമീറ്റർ സാജിറിലെ മരുഭൂമിയിലാണ് ജോലി ചെയ്തിരുന്നത്. അവിടെ സ്പോൺസറുടെ ആട്ടിൻപറ്റത്തെ മേയ്ക്കലായിരുന്നു ജോലി. 

വരുമാനം കുറഞ്ഞ് ശമ്പളം കൊടുക്കാൻ പോലും പ്രയാസം നേരിട്ട് തുടങ്ങിയപ്പോൾ ജോലി നിർത്തി നാട്ടിലേക്ക് മടങ്ങാൻ  തൊഴിലുടമ വെങ്കിടേഷിനെ ഉപദേശിച്ചതാണത്രെ. നാട്ടിലെ പ്രാരാബ്ദം കാരണം അതിന് മുതിർന്നില്ല. ഒടുവിൽ മരണവും സംഭവിച്ചു. രണ്ട് വർഷം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ വന്ന് സ്പോൺസറുടെ കീഴിൽ ആട്ടിടയനായി ജോലിക്ക് ചേർന്നത്. പിന്നീട് നാട്ടിൽ പോയിരുന്നില്ല.