Asianet News MalayalamAsianet News Malayalam

തൊഴിലുടമയുടെ നിസ്സഹകരണം: മൂന്ന് മാസം സൗദിയിലെ മോർച്ചറിയിൽ കിടന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആരുമില്ലാതിരുന്നത് കാരണം മൃതദേഹം നാട്ടിൽ എത്തിക്കുവാനോ ഇവിടെ മറവ് ചെയ്യുവാനോ സാധിച്ചില്ല.

dead body of indian expatriate repatriated to india after three months
Author
Riyadh Saudi Arabia, First Published Mar 11, 2021, 1:05 AM IST

റിയാദ്: തൊഴിലുടമ അനാസ്ഥ കാരണം മൂന്നുമാസമായി സൗദി അറേബ്യായിലെ മോർച്ചറിയിൽ കിടന്ന ഇന്ത്യക്കാരന്റെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ചു. റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെ ലൈലാ അഫ്‌ലാജ് പട്ടണത്തിലെ ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന ഉത്തർപ്രദേശ് ലക്‌നൗ സ്വദേശി റാം ജി റാം ചൗധരിയുടെ മൃതദേഹമാണ് കെ.എം.സി.സി പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ചത്‌. 

കഴിഞ്ഞ വർഷം ഡിസംബർ ആറിനാണ് ഇദ്ദേഹം മരിച്ചത്. എന്നാൽ ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുടെ അനാസ്ഥ കാരണം കഴിഞ്ഞ മൂന്നു മാസമായി മൃതദേഹം മോർച്ചറിയിൽ തന്നെ കിടന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആരുമില്ലാതിരുന്നത് കാരണം മൃതദേഹം നാട്ടിൽ എത്തിക്കുവാനോ ഇവിടെ മറവ് ചെയ്യുവാനോ സാധിച്ചില്ല. ഒരാഴ്ച മുൻപാണ് ഈ വിഷയം ഇന്ത്യൻ എംബസി അധികൃതർ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയെ അറിയിക്കുന്നത്. 

തൊട്ടടുത്ത ദിവസം റഫീഖ് മഞ്ചേരി കമ്പനി അധികൃതരുമായി സംസാരിച്ചു എങ്കിലും പലവിധ കാരണങ്ങൾ പറഞ്ഞു വീണ്ടും വൈകിപ്പിക്കുകയാണുണ്ടായത്. തുടർന്ന് എംബസിയിൽ നിന്നും തുടർ നടപടികൾക്കായി രേഖകൾ ശരിയാക്കി  റഫീഖ് മഞ്ചേരിയും കൺവീനർ ഷറഫു പുളിക്കലും  ഇസ്ഹാഖ് താനൂരും ലൈലാ അഫ്‌ലാജിൽ പോകുകയും  അവിടെ പോലീസ് മേധാവിയെ നേരിൽ കണ്ട് കാരൃങ്ങൾ ധരിപ്പിക്കുകയും കമ്പനി അധികൃതരെ പോലീസിൽ വിളിച്ചുവരുത്തി കാരൃങ്ങൾ സംസാരിച്ച് ഒരുദിവസം കൊണ്ട് എല്ലാ നിയമനടപടികളും പൂർത്തിയാക്കി മൃതദേഹം റിയാദിലേക്ക് കൊണ്ടുവരുകയും ചെയ്തു.

ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടതുമായ രേഖകൾ കേവലം രണ്ടു ദിവസം കൊണ്ട് തയ്യാറാക്കി, ഭാര്യയുടെയും കുട്ടികളുടെയും അഭ്യർത്ഥന മാനിച്ച് മൃതദേഹം  ബുധനാഴ്ച്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ജന്മനാട്ടിലേക്ക് കൊണ്ടുപോയി.

Follow Us:
Download App:
  • android
  • ios