ബിഗ് ടിക്കറ്റ് സീരീസ് 279 ലൈവ് ഡ്രോയിലാണ് മലയാളിയായ സിദ്ദിഖ് പാംപ്ലത്ത് അടക്കം രണ്ട് ഇന്ത്യക്കാരും പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടു പേരും സമ്മാനം നേടിയത്.  

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി അടക്കം നാലുപേര്‍ക്ക് ആശ്വാസസമ്മാനങ്ങള്‍. ബിഗ് ടിക്കറ്റ് സീരീസ് 279 ലൈവ് ഡ്രോയിലാണ് മലയാളിയായ സിദ്ദിഖ് പാംപ്ലത്ത് അടക്കം രണ്ട് ഇന്ത്യക്കാരും പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടു പേരും സമ്മാനം നേടിയത്. 50,000 ദിര്‍ഹമാണ് (ഏകദേശം 11 ലക്ഷം രൂപ) ഓരോരുത്തര്‍ക്കും ലഭിച്ചത്. ആകെ രണ്ട് ലക്ഷം ദിര്‍ഹമാണ് (ഏകദേശം 44 ലക്ഷം രൂപ) സമ്മാനത്തുക.

17 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന 42-കാരനായ മലയാളിയായ സിദ്ദീഖ് പാംപ്ലത്ത് ആണ് സമ്മാനം ലഭിച്ച ഒരാള്‍. ഫിനാന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ കുടുംബം കേരളത്തിലാണ്. സിദ്ദീഖിനെ കൂടാതെ, ഇന്ത്യക്കാരനായ ഷിഹാബ് ഉമ്മറും നേട്ടം കൊയ്തു. പാകിസ്ഥാന്‍ സ്വദേശി ആദില്‍ മുഹമ്മദ്, ബംഗ്ലാദേശ് സ്വദേശിയായ അലി ഹുസൈന്‍ മോസിന്‍ അലി എന്നിവരും സമ്മാനം നേടി.

ബിഗ് ടിക്കറ്റിന്റെ ഒക്ടോബര്‍ പ്രമോഷന്‍ രണ്ടാം ആഴ്ചയിലേക്ക് കടന്നു. 250 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം സമ്മാനമായി ലഭിക്കുന്ന പ്രതിവാര നറുക്കെടുപ്പിന്റെ ആദ്യ ആഴ്ചയില്‍ അഞ്ച് പേര്‍ക്ക് സമ്മാനം ലഭിച്ചു. ഇനി മൂന്നു ആഴ്ചത്തെ നറുക്കെടുപ്പുകള്‍ കൂടി വരാനുണ്ട്. ഈ മാസത്തെ ലൈവ് ഡ്രോ നവംബര്‍ മൂന്നിനാണ്. 2.5 കോടി ദിര്‍ഹമാണ് (ഏകദേശം 55 കോടി രൂപ) ഗ്രാന്‍ഡ് പ്രൈസ്.