വീട്ടുടമയുടെ മകന്‍, ഇന്ത്യക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മര്‍ദനമേറ്റല്ല മരണം സംഭവിച്ചതെന്നും യുവാവിന് ഹൃദയാഘാതം സംഭവിച്ചിരുന്നതായും ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി ജീവനക്കാരനായിരുന്ന ഇന്ത്യക്കാരന്റെ മരണം കൊലപാതകമല്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവം കൊലപാതകമാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അബൂ ഫുത്തൈറയിലെ ഒരു വീട്ടില്‍ പാര്‍സല്‍ കൈമാറുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

വീട്ടുടമയുടെ മകന്‍, ഇന്ത്യക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മര്‍ദനമേറ്റല്ല മരണം സംഭവിച്ചതെന്നും യുവാവിന് ഹൃദയാഘാതം സംഭവിച്ചിരുന്നതായും ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഘനമുള്ള ഒരു വസ്‍തുകൊണ്ട് തലയ്‍ക്കടിയേറ്റാണ് യുവാവ് നിലത്ത് വീണതെന്നാണ് അനുമാനം. ഈ അടി പക്ഷേ മരണകാരണമായിട്ടില്ല. യുവാവ് ചലനമറ്റ് നിലത്തുവീണപ്പോള്‍ വീട്ടുടമയുടെ മകന്‍ മുറ്റത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയിരുന്നു. ഇത് കാരണം നെഞ്ചിലും പോറലേറ്റ പാടുകളുണ്ട്.

പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് വീട്ടുടമയുടെ മകന്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്‍തു. പിന്നീട് അറസ്റ്റിലായ ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് ഒഴിവാക്കും. എന്നാല്‍ മറ്റ് നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.