ഫ്ലോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് മെറിൻ ജോയിയെ ഭർത്താവ് മുമ്പും ക്രൂരമായി ഉപദ്രവിച്ചിരുന്നതായി സഹപ്രവർത്തക മിനിമോൾ ചെറിയമാക്കൽ. എത്രയോ തവണ നെവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യുവുമായി ഒത്തുപോകാൻ മെറിൻ ശ്രമിച്ചു. ഒട്ടും കഴിയാതായപ്പോഴാണ് മെറിൻ വേർപിരിയാൻ തീരുമാനിച്ചത്. മെറിൻ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം മിനിമോളുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. 

17-ൽക്കൂടുതൽ തവണ മെറിനെ ഭർത്താവ് കുത്തിയതായി മിനിമോൾ പറയുന്നു. ''അതിന് ശേഷം മരിച്ചുവെന്ന് ഉറപ്പാക്കാൻ ദേഹത്ത് വണ്ടിയും കയറ്റിയിറക്കി. പക്ഷേ കാഷ്വാലിറ്റിയിലെത്തിച്ചപ്പോഴും അവൾക്ക് ജീവനുണ്ടായിരുന്നു. എനിക്ക് ജീവിക്കണം, എനിക്കൊരു മോളുണ്ട് എന്നാണ് അവൾ അപ്പോഴും പറഞ്ഞിരുന്നത്'', മിനിമോൾ പറയുന്നു.

''ഇത്ര മൃഗീയമായി ഒരു സ്ത്രീയോട്, അവന്‍റെ കുഞ്ഞിനെ പ്രസവിച്ച ഭാര്യയോട് ഒരാൾക്ക് എങ്ങനെ ഇങ്ങനെ പെരുമാറാനാകും? ജോലി ചെയ്ത് അവനെ പോറ്റിയിരുന്നത് മെറിനാണ്. പുറത്തു കാണുന്നവനായിരുന്നില്ല നെവിൻ. വീട്ടിൽ അവളെ അവൻ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. സാധനങ്ങൾ വലിച്ചെറിയുക, വല്ലാതെ ദേഹോപദ്രവം ചെയ്യുക... വേർപിരിഞ്ഞപ്പോൾ ആ വീട്ടിലെ സകല സാധനങ്ങളും വേണമെന്ന് അവൻ വാശിപിടിച്ചു. ഒക്കെ നെവിനെടുത്തോ, എനിക്ക് മോളെത്തന്നാൽ മതിയെന്നാണ് അവൾ പറഞ്ഞത്. ഈ കുട്ടിയെക്കുറിച്ച് ഒന്നും അറിയാത്ത പല ആളുകളും പല സ്ഥലങ്ങളിലും സമൂഹമാധ്യമങ്ങളിലും അവളെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്നത് കണ്ടു. നിങ്ങൾക്കെന്ത് അവകാശമുണ്ട് അവളെക്കുറിച്ച് ഇങ്ങനെ സംസാരിക്കാൻ? നിങ്ങളാരെങ്കിലും ഒരു തുള്ളി വെള്ളം അവൾക്ക് കൊടുത്തിട്ടുണ്ടോ ഇങ്ങനെ സംസാരിക്കാൻ? നിങ്ങളുടെ മകളാണെങ്കിൽ, പെങ്ങളാണെങ്കിൽ, ഭാര്യയാണെങ്കിൽ ഇങ്ങനെ ചെയ്യുമോ?'', മിനിമോൾ ചോദിക്കുന്നു. 

നാട്ടിൽ നിന്ന് തിരികെ വന്ന ശേഷം മിനിമോളുടെ വീട്ടിലാണ് താൽക്കാലികമായി മെറിൻ കഴിഞ്ഞിരുന്നത്. വളരെ സ്നേഹത്തോടെ എല്ലാവരോടും പെരുമാറുന്നയാളായിരുന്നു മെറിനെന്ന് മിനിമോൾ ഓർക്കുന്നു. വളരെ ആഴത്തിലുള്ള സൗഹൃദം മെറിനുമായി തനിക്കും കുടുംബത്തിനുമുണ്ടായിരുന്നു. ഈ വീട്ടിലൊരാളെപ്പോലെയാണ് മെറിൻ കഴിഞ്ഞത്.

''ടാംപയിലേക്ക് ജോലി മാറിപ്പോകുന്നത് വരെ ഇവിടെ മെറിൻ താമസിക്കുന്നതിൽ എനിക്കൊരിക്കലും എതിർപ്പുണ്ടായിരുന്നില്ല. മെറിന്‍റെ അങ്കിളും ആന്‍റിയും ടാംപയിലുണ്ടായിരുന്നു. ഞങ്ങളെല്ലാം ഒന്നിച്ചാണ് ടാംപയിൽ മെറിന് താമസസ്ഥലം കണ്ടെത്തിയത്. അവളുടെ അവസാനപ്രവൃത്തിദിവസമായിരുന്നു അവളുടെ ഭർത്താവെന്ന് പറയുന്ന ആ മനുഷ്യൻ അവളെ കൊന്നുകളഞ്ഞത്'', കണ്ണീരോടെ മിനിമോൾ പറയുന്നു. 

മെറിന്‍റെ ഭർത്താവ് എറണാകുളം പിറവം സ്വദേശി ഫിലിപ്പ് മാത്യു ഫ്ലോറിഡ പൊലീസിന്‍റെ പിടിയിലാണ്. തന്നെ കുത്തിയത് ഭർത്താവ് തന്നെയാണെന്ന് മെറിൻ പൊലീസിന് മരണമൊഴി നൽകിയിട്ടുണ്ട്. സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സ് ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായിരുന്ന മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോട്ടിൽ വെച്ച് ഭർത്താവ് നിവിൻ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു അവരെ ആക്രമിച്ചതും കൊലപ്പെടുത്തിയതും. മെറിന്‍റെ മൃതദേഹം അടുത്തയാഴ്ച കോട്ടയം മോനിപ്പള്ളിയിലെ വീട്ടിൽ എത്തിക്കും.