അബുദാബി: സ്വന്തം സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടയാളെ കുത്തിക്കൊന്ന കേസില്‍ യുവാവിന് യുഎഇയില്‍ വധശിക്ഷ. ഏഷ്യക്കാരനായ പ്രതിക്കാണ് അബുദാബി കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ സഹോദരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഇയാളെ സമീപിക്കുകയായിരുന്നു. ഇതിന് വിസമ്മതിച്ച യുവാവ് ദേഷ്യം അടക്കാനാവാതെ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് വീശി. ഇരുവരും തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിലെത്തിയതോടെയാണ് കത്തികൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.

സ്വയരക്ഷയ്ക്കായാണ് താന്‍ കത്തി ഉപയോഗിച്ചതെന്നായിരുന്നു വിചാരണയ്ക്കിടെ പ്രതിയുടെ വാദം. ഇത് കോടതി അംഗീകരിച്ചില്ല. കൊല്ലപ്പെടുന്ന സമയത്ത് യുവാവ് മദ്യ ലഹരിയിലായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.