രണ്ട് വര്‍ഷം മുന്‍പാണ് തന്റെ മുന്‍ ഭര്‍ത്താവായ പോര്‍ച്ചുഗീസ് പൗരനും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ ഇവര്‍ ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തത്. മുന്‍ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയായ തുനീഷ്യന്‍ പൗര ഇതിനെതിരെ 2017 ഫെബ്രുവരിയില്‍ ജബല്‍ അലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

ദുബായ്: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റിന്റെ പേരില്‍ ബ്രിട്ടീഷ് പൗരയായ 55കാരിക്ക് ദുബായ് കോടതി 3000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. തന്റെ മുന്‍ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യ നല്‍കിയ കേസിലാണ് കോടതി വ്യാഴാഴ്ച വിധി പറഞ്ഞത്. പ്രതിയുടെ സാന്നിദ്ധ്യത്തിലായിരുന്നു വിധി പ്രസ്താവം.

രണ്ട് വര്‍ഷം മുന്‍പാണ് തന്റെ മുന്‍ ഭര്‍ത്താവായ പോര്‍ച്ചുഗീസ് പൗരനും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ ഇവര്‍ ഫേസ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്തത്. മുന്‍ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയായ തുനീഷ്യന്‍ പൗര ഇതിനെതിരെ 2017 ഫെബ്രുവരിയില്‍ ജബല്‍ അലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ അടുത്തിടെ മുന്‍ ഭര്‍ത്താവ് മരിക്കുകയും വിവരമറിഞ്ഞ് മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനായി ഇവര്‍ ദുബായിലെത്തുകയുമായിരുന്നു.

കേസ് നിലവിലുണ്ടായിരുന്നതിനാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. പ്രതി അറസ്റ്റിലായതോടെയാണ് കേസില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചത്. 3000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചുകൊണ്ട് വ്യാഴാഴ്ച കോടതി ഉത്തരവിട്ടു. എന്നാല്‍ രണ്ട് സ്ത്രീകളും തമ്മില്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ അവസരം നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.