അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവാസി ഡെലിവറി ബോയിക്ക് 150,000 ദിര്‍ഹം(30 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. അബുദാബി പ്രാഥമിക കോടതിയാണ് ഉത്തരവിട്ടത്. 

ഡെലിവറി സാധനങ്ങളുമായി ബൈക്കില്‍ പോകുകയായിരുന്ന ഏഷ്യക്കാരനായ ഇദ്ദേഹത്തെ അലക്ഷ്യമായി വന്ന കാര്‍ ഇടിക്കുകയായിരുന്നെന്ന് കോടതിയുടെ ഔദ്യോഗിക രേഖകളില്‍ പറയുന്നു. കാലിന് ഉള്‍പ്പെടെ വിവിധ ശരീര ഭാഗങ്ങളില്‍ ഗുരുതര പരിക്കേറ്റ ഡെലിവറി ബോയിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ശ്രദ്ധയില്ലാതെ വാഹനമോടിച്ച കാര്‍ഡ്രൈവറാണ് അപകടം ഉണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു.

അപകടത്തില്‍ പരിക്കേറ്റ ഡെലിവറി ബോയിയുടെ ഇടത് കാലില്‍ 45 ശതമാനത്തോളം വൈകല്യമുണ്ടായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇദ്ദേഹത്തിന് ഇനി മോട്ടോര്‍സൈക്കിളില്‍ ഡെലിവറിക്കായി പോകാനാവില്ലെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. ഇതോടെ 200,000 ദിര്‍ഹം(40 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാറിന്റെ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ഡെലിവറി ബോയ് കേസ് ഫയല്‍ ചെയ്തു. വാദം കേട്ട കോടതി 150,000 ദിര്‍ഹം ഇന്‍ഷുറന്‍സ് കമ്പനി ഇയാള്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. 

യുഎഇയില്‍ 435 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു