ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും സ്ത്രീയെ കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ റൈഡര്‍ ഇത് തടയുകയായിരുന്നു.

ദുബൈ: സ്ത്രീയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഡെലിവറി റൈഡര്‍ പരാജയപ്പെടുത്തി. ദുബൈ ഇന്‍റര്‍നാഷണല്‍ സിറ്റിയിലാണ് സംഭവം ഉണ്ടായത്. തെരുവിലൂടെ പോകുമ്പോഴാണ് രണ്ട് അപരിചിതര്‍ ചേര്‍ന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം റൈഡറുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും സ്ത്രീയെ കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ റൈഡര്‍ ഇത് തടയുകയായിരുന്നു. ഇത് കണ്ട് പരിസരത്തുള്ളവരും എത്തി. തുടര്‍ന്ന് അപരിചിതര്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസില്‍ വിവരം അറിയിക്കുകയും സ്ത്രീയെ അധികൃതരെ ഏല്‍പ്പിക്കുകയും ചെയ്തതായി ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഡെലിവറി റൈഡര്‍ മൊഴി നല്‍കി. 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് അക്രമികളെയും പിടികൂടി. സ്ത്രീയുടെ സഹോദരനാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. സ്ത്രീയും സഹോദരനും തമ്മിലുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിലേക്ക് നയിച്ചത്. തുടര്‍ന്ന് സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.