രാജ്യത്ത് വ്യാപിക്കുന്ന കൊവിഡ് വൈറസ് വകഭേദങ്ങള്‍ മനസിലാക്കാന്‍ ആരോഗ്യ മന്ത്രാലയം പതിവായി ജനിതക പരിശോധനകള്‍ നടത്തിവരുന്നുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. അബ്‍ദുല്ല അല്‍ സനദാണ് ഇക്കാര്യം തിങ്കളാഴ്‍ച അറിയിച്ചത്. രാജ്യത്ത് ഏതാനും പേര്‍ക്ക് നിലവില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചതായാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തത്.

രാജ്യത്ത് വ്യാപിക്കുന്ന കൊവിഡ് വൈറസ് വകഭേദങ്ങള്‍ മനസിലാക്കാന്‍ ആരോഗ്യ മന്ത്രാലയം പതിവായി ജനിതക പരിശോധനകള്‍ നടത്തിവരുന്നുണ്ട്. ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതുവരെ 62 ലോകരാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തന്നെ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിരവധി പ്രതിരോധ നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പ്രത്യേക സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ ജനറ്റിങ് പ്ലാനിങ് അടക്കമുള്ളവ നടത്തിവരുന്നുണ്ട്. ഒപ്പം രാജ്യത്തെ സ്വദേശികളും വിദേശികളും കൊവിഡിനെതിരായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. മാസ്‍ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ വീഴ്‍ച വരുത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.