അബുദാബി: വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ദുബായിലും മറ്റ് എമിറേറ്റുകളിലും ദൂരക്കാഴ്ച സാധ്യമല്ലാത്ത വിധത്തില്‍ മഞ്ഞുമൂടിയിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കനത്ത മഞ്ഞില്‍ വാഹനം ഓടിക്കുന്നത് ദുഷ്കരമായിരിക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ദൂരക്കാഴ്ച പരമാവധി 200 മീറ്റര്‍ മാത്രമായിരിക്കുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ദുബായിക്ക് പുറമെ അബുദാബിയിലെ അല്‍ ദഫ്‍റ, അല്‍ ഷവാമീഖ് ഷാര്‍ജ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് നിലനില്‍ക്കുയാണ്. വിവിധയിടങ്ങളില്‍ നിന്ന് വാഹനാപകടങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.