അബുദാബി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ വേണ്ട വിശദ വിവരങ്ങള്‍ പങ്കുവെച്ച് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ്  സിറ്റിസണ്‍ഷിപ്പ്(ഐസിഎ). യുഎഇയിലേക്ക് മടങ്ങുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങളാണ് ഐസിഎ വ്യക്തമാക്കിയത്. 

ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളില്‍ യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടുപോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് പ്രവാസികള്‍ക്ക് മടങ്ങാന്‍ 15 ദിവസത്തേക്ക് അവസരമൊരുങ്ങുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, കോള്‍ സെന്റര്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഐസിഎ പെര്‍മിറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങളും വിശദ വിവരങ്ങളും

  • പെര്‍മിറ്റ് ലഭിക്കുന്നതിനായി ആദ്യം തന്നെ അപേക്ഷകര്‍ യുഎഇയിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. 
  • യുഎഇ താമസവിസയുള്ള എല്ലാവര്‍ക്കും പെര്‍മിറ്റ് ലഭിക്കുമെങ്കിലും രാജ്യത്ത് ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ ഉള്ളവര്‍, ആരോഗ്യം, എനര്‍ജി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, വിദ്യാഭ്യാസം, വ്യവസായം, സാമ്പത്തികം എന്നീ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. 
  • ദുബായിലെ താമസക്കാര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിന്‍റെ(ജിഡിആര്‍എഫ്എ) വെബ്സൈറ്റ് വഴി പെര്‍മിറ്റിനായി അപേക്ഷിക്കണം. എന്‍ട്രി പെര്‍മിറ്റ് ഉള്ളവര്‍ക്ക് യുഎഇയിലെ ഏത് വിമാനത്താവളങ്ങള്‍ വഴിയും രാജ്യത്തേക്ക് പ്രവേശിക്കാം. 
  • യുഎഇയിലുള്ള കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും പേര് രേഖപ്പെടുത്താന്‍ സാധിക്കാത്തതിലൂടെ അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ കുടുംബാംഗമായി കരുതാവുന്ന രാജ്യത്തുള്ള ഏറ്റവും അടുത്ത ബന്ധുവിന്‍റെ വിവരങ്ങള്‍ സമര്‍പ്പിക്കാം.
  •  എന്‍ട്രി പെര്‍മിറ്റ് ലഭിച്ചവര്‍ക്ക് എയര്‍ലൈനുകള്‍ വഴി യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. അനുമതി ലഭിച്ച അന്നു മുതല്‍ 21 ദിവസത്തേക്കാണ് എന്‍ട്രി പെര്‍മിറ്റിന്‍റെ കാലാവധി. അതിന് ശേഷമാണ് യാത്രയെങ്കില്‍ പുതിയ പെര്‍മിറ്റ് എടുക്കേണ്ടി വരും.
  • smartservices.ica.gov.ae എന്ന വെബ്സൈറ്റിലൂടെ അപേക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാം.
  • അനുമതി ലഭിച്ചാല്‍ ആ വിവരം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കുന്ന ഇ മെയില്‍ വിലാസത്തില്‍ അറിയിക്കും. 
  • അപേക്ഷ റദ്ദാക്കിയവര്‍ക്ക്  പെര്‍മിറ്റിനായി വീണ്ടും അപേക്ഷ നല്‍കാവുന്നതാണ്. 
  • പേരോ തെറ്റായ പാസ്പോര്‍ട്ട് വിവരങ്ങളോ അബദ്ധത്തില്‍ അപേക്ഷയ്ക്കൊപ്പം നല്‍കിയാല്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഓഡിറ്റ് സംഘം അപേക്ഷ തിരിച്ചയക്കും. അപേക്ഷയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഐഡി നമ്പറില്‍ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ അനുസരിച്ച് ഓട്ടോമാറ്റിക് ആയി ഇവ തിരുത്തപ്പെടും.