ദുബൈ: പന്ത്രണ്ട് കിലോമീറ്ററുകള്‍ നീളുന്ന ബീച്ച് ഉള്‍പ്പെടെ ദുബൈയില്‍ 200 കോടി ദിര്‍ഹത്തിന്റെ 29 നഗരവികസന പദ്ധതികള്‍ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. നഗരവികസനത്തിനൊപ്പം പ്രകൃതി സംരക്ഷണം കൂടി ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ഹരിതവനങ്ങളും പൂന്തോട്ടങ്ങളും നിര്‍മ്മിക്കാനും ലക്ഷ്യമിടുന്നു. 

ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. സൈക്ലിങ് പാതകള്‍, നീന്തല്‍ സ്ഥലങ്ങള്‍, റണ്ണിങ് ട്രാക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. മംസാര്‍ ബീച്ചില്‍ നിന്ന് ഉമ്മു സുഖീം-2 വരെ 12 കിലോമീറ്റര്‍ നീളത്തിലാണ് ബീച്ച് വികസിപ്പിക്കുന്നത്. 10 ലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഇതിന് മാത്രം 500 ദശലക്ഷം ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തിയാക്കുക. മംസാര്‍ ക്രീക്ക് ബീച്ച്-മംസാര്‍ കോര്‍ണിഷ്, ജുമൈറ ബീച്ച്-അല്‍ ഷുരൂഖ്, ഉമ്മു സുഖൈം 1,2 എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് പദ്ധതി പൂര്‍ത്തിയാക്കുക. കടല്‍ത്തീരങ്ങളെ നീന്തല്‍ കുളങ്ങളായി നവീകരിക്കുന്നതാണ് വികസനത്തിലെ പ്രധാന ഭാഗം. 

100 ദശലക്ഷം ദിര്‍ഹത്തിന്റെ വികസന പദ്ധതികളാണ് റാസല്‍ഖോര്‍ വന്യജീവി സങ്കേതത്തില്‍ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സന്തുലിതാവസ്ഥയും ജൈവവൈവിദ്യവും കാത്തുസൂക്ഷിച്ചായിരിക്കും നവീകരണ പ്രവര്‍ത്തനങ്ങള്‍. 100 ഏക്കറില്‍ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കും. എമിറേറ്റില്‍ 80 ലക്ഷം ചതുരശ്ര മീറ്റര്‍ ഹരിത പ്രദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം തുടക്കമിടുന്ന പദ്ധതികള്‍ 2024ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.