റാസല്‍ഖൈമ: ഭാര്യയെ നാല് തവണ തല്ലിയതിന് ഭര്‍ത്താവ് 2000 ദിര്‍ഹം പിഴ അടയ്ക്കണമെന്ന് കോടതി ഉത്തരവ്. ഗാര്‍ഹിക പീഡനത്തിനെതിരെ റാസല്‍ഖൈമ പൊലീസില്‍ ലഭിച്ച പരാതിയിലാണ് കോടതി വിധി. ഭാര്യയുടെ മുഖത്ത് നാല് തവണ അടിച്ചുവെന്നാണ് കേസ്.

ഭര്‍ത്താവ് തന്നെ പല തവണ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ഏറ്റവുമൊടുവില്‍ വാക്കുതര്‍ക്കത്തിനിടെ നാല് തവണ മുഖത്തടിച്ചുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. ഭര്‍ത്താവിന്റെ അതിക്രമങ്ങള്‍ക്ക് അറുതിവരുന്നില്ലെന്ന് കണ്ടപ്പോഴാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറഞ്ഞു. 

എന്നാല്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ മറുവാദം. എത്ര തവണ തല്ലിയെന്ന് താന്‍ ഓര്‍ക്കുന്നില്ലെന്നും രമ്യമായി പരിഹരിക്കാവുന്ന കുടുംബ കാര്യങ്ങള്‍ ഭാര്യ കോടതി കയറ്റിയെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ വിചാരണയ്ക്കൊടുവില്‍ ഭര്‍ത്താവ് കുറ്റകാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടായിരം ദിര്‍ഹം പിഴ ശിക്ഷ അടയ്ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.