റാസല്‍ഖൈമ: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ പ്രവാസി ഡെലിവറി ബോയ്ക്ക് 70,000ദിര്‍ഹം(14.07 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് റാസല്‍ഖൈമ സിവില്‍ കോടതി. ഏഷ്യന്‍ വംശജനായ ഡെലിവറി ബോയി സഞ്ചരിച്ച മോട്ടോര്‍സൈക്കിളില്‍ ഇടിച്ച് അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയുമാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്. അപകടത്തെ തുടര്‍ന്ന് പ്രവാസി ഡെലിവറി ബോയിയ്ക്ക് ഗുരുതര പരിക്കേറ്റു. ശാരീരിക വൈകല്യവുമുണ്ടായി. 

അശ്രദ്ധയോടെ വാഹനമോടിച്ച ഡ്രൈവര്‍ ഡെലിവറി ബോയിയുടെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ കാര്‍ അമിതവേഗത്തിലായിരുന്നെന്നും മറ്റൊരു കാറിന് കേടുപാട് വരുത്തിയതായും കോടതി കണ്ടെത്തി. അപകടത്തില്‍ ഡെലിവറി ബോയിയുടെ ശ്വാസനാളത്തിനും കാലുകള്‍ക്കും ഗുരുതര പരിക്കേറ്റതായി കോടതി രേഖകളില്‍ വ്യക്തമാക്കുന്നു. 

തന്റെ ജീവിതമാര്‍ഗം നഷ്ടപ്പെടുത്തിയ ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഡെലിവറി ബോയ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ചികിത്സയ്ക്കായി സ്വന്തം രാജ്യത്തേക്ക് മടങ്ങിയ ഡെലിവറി ബോയ്ക്ക് മാസങ്ങളായി ശമ്പളമായ 2,500 ദിര്‍ഹം ലഭിക്കുന്നില്ലെന്ന് സ്‌പോണ്‍സര്‍ കോടതിയെ അറിയിച്ചു. എക്‌സ്‌റേ എടുക്കാന്‍ നല്‍കിയ പണം, നിയമനടപടികള്‍ക്കായുള്ള ഫീസ്, നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് എന്നിവയും ഡെലിവറി ബോയ്ക്ക് നല്‍കേണ്ടി വന്നെന്നും കോടതിയെ ബോധ്യപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോകാതിരുന്നതിനാല്‍ ഇയാള്‍ക്ക് രണ്ടു മാസത്തെ ശമ്പളമായ 5,000ദിര്‍ഹവും നഷ്ടമായി.