ബജറ്റിന് ശേഷം യുഎഇലെ സ്വര്‍ണ വിപണിയില്‍ വലിയ ഉണര്‍വാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ യുഎഇയില്‍ മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ സ്വര്‍ണ വിപണിയില്‍ മന്ദത അനുഭവപ്പെട്ടിരുന്നു. നാട്ടിലെ വിലയും ഗള്‍ഫിലെ വിലയും തമ്മില്‍ കാര്യമായ വ്യത്യാസമില്ലാതായതോടെയായിരുന്നു ഇത്. 

ദുബായ്: വെള്ളിയാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് 2.5 ശതമാനം തീരുവ വര്‍ദ്ധിപ്പിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വലിയ ലാഭം നേടാനാവുമെന്ന് വ്യാപാരികള്‍ പറയുന്നു. 12.5 ശതമാനമായാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഒരു ഗ്രാമിന്റെ വിലയില്‍ നാട്ടിലേതിനെ അപേക്ഷിച്ച് ദുബായില്‍ 200 രൂപയിലധികം വ്യത്യാസമുണ്ട്. 400 രൂപ വരെ ഗ്രാമിന്റെ വിലയില്‍ വ്യത്യാസം വരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.

ബജറ്റിന് ശേഷം യുഎഇലെ സ്വര്‍ണ വിപണിയില്‍ വലിയ ഉണര്‍വാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ യുഎഇയില്‍ മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ സ്വര്‍ണ വിപണിയില്‍ മന്ദത അനുഭവപ്പെട്ടിരുന്നു. നാട്ടിലെ വിലയും ഗള്‍ഫിലെ വിലയും തമ്മില്‍ കാര്യമായ വ്യത്യാസമില്ലാതായതോടെയായിരുന്നു ഇത്. എന്നാല്‍ ബജറ്റില്‍ തീരുവ വര്‍ദ്ധിപ്പിച്ചതോടെ നാട്ടില്‍ വില ഇനിയും ഉയരും. ഇത് ഗള്‍ഫ് വിപണിയില്‍ ഉണര്‍വുണ്ടാക്കും. ഇന്ന് യുഎഇയില്‍ 24 കാരറ്റിന് 169.25 ദിര്‍ഹമാണ് വില. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഇത് 3169 രൂപ വരും. 22 കാരറ്റിനാകട്ടെ 159 ദിര്‍ഹമാണ് (2968 ഇന്ത്യന്‍ രൂപ) വില. അതേ സമയം കേരളത്തില്‍ 3205 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില. ഇതിന് പുറമെ മൂന്ന് ശതമാനം ജി.എസ്.ടിയും നല്‍കണം. യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് വാറ്റ് ഈടാക്കുന്നില്ല. സന്ദര്‍ശകര്‍ യുഎഇയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളിന്മേല്‍ ഇടാക്കുന്ന നികുതി വിമാനത്താവളത്തില്‍ വെച്ച് തിരികെ നല്‍കുകയും ചെയ്യും. ഇതോടെ സന്ദര്‍ശനത്തിന് എത്തുന്നവര്‍ കൂടുതല്‍ സ്വര്‍ണം വാങ്ങാനുള്ള സാധ്യതയാണ് വ്യാപാരികള്‍ കാണുന്നത്. ഇതോടൊപ്പം ഗള്‍ഫില്‍ നിന്നുള്ള അനധികൃത സ്വര്‍ണക്കടത്തും കൂടിയേക്കും.