ദുബൈ: പഠനസാഹചര്യങ്ങള്‍ നഷ്ടമായ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കാന്‍ ദുബൈയില്‍ ഡിജിറ്റല്‍ സ്‌കൂള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ നേതൃത്വത്തിലാണ് ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി, പ്രത്യേകിച്ച് പഠന സാഹചര്യങ്ങളില്ലാത്തവര്‍ക്കായി ഡിജിറ്റല്‍ സ്‌കൂള്‍ ആരംഭിച്ചത്. 

പ്രാരംഭ ഘട്ടമായ 2020 നംവബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ നാല് രാജ്യങ്ങളിലെ  20,000 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി വിദൂര വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിക്കും. ആഴ്ചയില്‍ മൂന്ന് വെര്‍ച്വല്‍ ക്ലാസുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്.  ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തന ക്ഷമത, ഓരോ പ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ വിഷയങ്ങള്‍, വിദ്യാര്‍ത്ഥികളുടെ പ്രതികരണം എന്നിവ ഈ ഘട്ടത്തില്‍ വിലയിരുത്തും.

2021 സെപ്തംബറിലാണ് സ്‌കൂളിലേക്ക് ഔദ്യോഗികമായി ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളെത്തുക. അഭയാര്‍ത്ഥി മേഖലകള്‍, പിന്നാക്ക രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 10 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ ഭാഗമാകും. കണക്ക്, അറബിക്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ വെര്‍ച്വല്‍ ക്ലാസുകളൊരുക്കും. വെര്‍ച്വല്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുമായും സഹപാഠികളുമായും സംവദിക്കാനുള്ള അവസരവും ലഭിക്കും. ക്ലാസുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. കഴിവുകളുള്ള കുട്ടികളുടെ ഭാവി പ്രതിസന്ധിയിലാകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഹാര്‍വഡ്, സ്റ്റാന്‍ഫഡ്, ന്യൂയോര്‍ക്ക്, എഐടി സര്‍വ്വകലാശാലകളുടെ കൂടി സഹകരണത്തോടെയാണ് ഡിജിറ്റല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം.