റിയാദ്: സൗദി അറേബ്യയില്‍ നമസ്കാര സമയത്ത് കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടുന്നത് അവസാനിപ്പിക്കണമെന്ന വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമാകുന്നു. എല്ലാ നമസ്കാരങ്ങളുടെയും സമയത്ത് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് നിയമത്തിലോ മതത്തിലോ യാതൊരു അടിസ്ഥാനവുമില്ലെന്ന് കാണിച്ച് സൗദി ശൂറാ കൗണ്‍സില്‍ അംഗവും ഇസ്ലാമിക പണ്ഡിതനും ജഡ്ജിയുമായ ഡോ. ഇസ്സാ അല്‍ ഗൈഥ് എഴുതിയ ലേഖനത്തെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ വീണ്ടും സജീവമായതെന്ന് 'ഗള്‍ഫ്ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥവും കടകളിലെ വ്യാപാരം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് കടകള്‍ 24 മണിക്കൂര്‍ തുറന്നിടാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. ഈ അനുമതി നമസ്കാര സമയത്തും കടകള്‍ തുറക്കുന്നതിന് ബാധകമാവുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും പിന്നീട് അധികൃതര്‍ നിഷേധിച്ചു. നമസ്കാര സമയത്ത് കടകള്‍ അടയ്ക്കണമെന്നായിരുന്നു വിശദീകരണം. കടകള്‍ അടയ്ക്കുന്നതിനും നമസ്കാര സമയം തുടങ്ങുമ്പോള്‍ തന്നെ പള്ളിയില്‍ പോയി നമസ്കരിക്കണമെന്ന് നിര്‍ബന്ധിക്കുന്നതിനും ശരീഅത്തിലോ നിയമത്തിലോ അടിസ്ഥാനമില്ലെന്ന് ഡോ. ഇസ്സാ അല്‍ ഗൈഥ് ലേഖനത്തില്‍ പറയുന്നു.

നേരത്തെ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിന് മാത്രമായിരുന്നു നിര്‍ബന്ധിത കടയടപ്പിക്കല്‍ ബാധകമായിരുന്നതെന്നും എന്നാല്‍ ഇത് മതകാര്യ പൊലീസ് എല്ലാ നമസ്കാരങ്ങള്‍ക്കും അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നുമാണ് മക്കയിലെ മതകാര്യ പൊലീസ് മുന്‍മേധാവി ശൈഖ് അഹ്‍മദ് അല്‍ ഗാമിദി പറഞ്ഞത്.