കല്‍പ്പറ്റ: നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നേരെ ഉണ്ടാകുന്ന ശാരീരിക, മാനസിക പീഡനങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ സമര്‍പ്പിച്ച പരാതിക്ക് മറുപടി നല്‍കി വയനാട് ജില്ലാ പൊലീസ് അധികൃതര്‍. അസോസിയേഷന്‍ ചെയര്‍മാന്‍ സലാം പാപ്പിനിശ്ശേരിയുടെ പരാതിയിലാണ് വയനാട് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് വി ഡി വിജയന്‍ മറുപടി നല്‍കിയത്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടും വിസാ കാലാവധി കഴിഞ്ഞും കുടുങ്ങിപ്പോയ പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ കടുത്ത ശാരീരിക, മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വരുന്നെന്നായിരുന്നു സലാം പാപ്പിനിശ്ശേരി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. എന്നാല്‍ വയനാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന തരത്തിലുള്ള പ്രയാസങ്ങളൊന്നും വയനാട് ജില്ലയിലുള്ള പ്രവാസികള്‍ അനുഭവിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് അഡീഷണല്‍ സൂപ്രണ്ട് മറുപടി നല്‍കി.

പ്രവാസികള്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ സംഭവിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി ജില്ലയിലെ എല്ലാ എസ്എച്ച്ഓമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. കിളികൊല്ലൂരില്‍ ഖത്തറില്‍ നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വയോധികയ്ക്ക് നേരെ അയല്‍വാസികളുടെ ആക്രമണം ഉണ്ടായെന്നും എടപ്പാളിലേക്ക് മടങ്ങിയെത്തിയ യുവാവിനെ സ്വന്തം വീട്ടില്‍ കയറ്റിയില്ലെന്നും കുടിവെള്ളം പോലും നിഷേധിക്കുന്ന സാഹചര്യമുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പരാതി നല്‍കിയത്.