മസ്‍കത്ത്: 40 ദിവസത്തേക്ക് ഒരുതരത്തിലുമുള്ള വിനോദ പരിപാടികളും സംഘടിപ്പിക്കരുതെന്ന് ഒമാന്‍ ടൂറിസം മന്ത്രാലയം രാജ്യത്തെ ഹോട്ടലുകളോട് നിര്‍ദേശിച്ചു. സുല്‍ത്താന്‍ ഖാബുൂസ് ബിന്‍ സെയ്ദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം.

ദുഃഖാചരണ കാലയളവില്‍ സംഗീത, കലാ പരിപാടികളൊന്നും സംഘടിപ്പിക്കരുതെന്നാണ് ഹോട്ടലുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒമാന്‍ റോയല്‍ കോര്‍ട്ട് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതും രാജ്യത്ത് 40 ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുന്നതും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒമാനിലെ പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിരുന്നു.