Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി 'കോമ'യിലായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് ശിക്ഷ വിധിച്ചു

ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്തും. മൂവരും ചേര്‍ന്ന് താത്കാലിക നഷ്ടപരിഹാരമായി 51,000 ദിര്‍ഹം നല്‍കണം. ഇതിനുപുറമെ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സെന്റര്‍ മൂന്ന് ലക്ഷം ദിര്‍ഹം പിഴ അടയ്ക്കുകയും വേണമെന്ന് കോടതി വിധിച്ചിട്ടുണ്ട്.

Doctors get jail term in Dubai after surgery goes wrong
Author
Abu Dhabi - United Arab Emirates, First Published Mar 19, 2020, 8:44 PM IST

ദുബായ്: മൂക്കിലെ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവ് കാരണം രോഗി 'കോമ'യിലായ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു ടെക്നീഷ്യനും ശിക്ഷ വിധിച്ചു.  ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ 59കാരനായ സര്‍ജന്‍, അനസ്തേഷ്യ നല്‍കിയ 65കാരനായ ഡോക്ടര്‍, 69 വയസുള്ള അനസ്തേഷ്യ ടെക്നീഷ്യന്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയാണ് ദുബായ് കോടതി വിധിച്ചത്. ഇവരുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ സംഭവിച്ചതായി കോടതി കണ്ടെത്തിയിരുന്നു.

ശസ്ത്രക്രിയയിലെ പിഴവ് കാരണം 25കാരിയായ യുവതിക്ക് സ്ഥിര അംഗവൈകല്യങ്ങള്‍ സംഭവിച്ചു. കാഴ്ചശക്തിയും കേള്‍വിയും നഷ്ടമാവുകയും 'കോമ' അവസ്ഥയിലാവുകയും ചെയ്തു. ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതികളെ നാടുകടത്തും. മൂവരും ചേര്‍ന്ന് താത്കാലിക നഷ്ടപരിഹാരമായി 51,000 ദിര്‍ഹം നല്‍കണം. ഇതിനുപുറമെ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സെന്റര്‍ മൂന്ന് ലക്ഷം ദിര്‍ഹം പിഴ അടയ്ക്കുകയും വേണമെന്ന് കോടതി വിധിച്ചിട്ടുണ്ട്.

വിചാരണ വേളയില്‍ ഒരു ഡോക്ടര്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. അദ്ദേഹം കുറ്റം നിഷേധിച്ചു. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് രോഗിയുടെ സ്ഥിരമായ വൈകല്യങ്ങള്‍ക്ക് കാരണമായതെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ വ്യക്തമായിയിരുന്നു. ദുബായ് ഹെല്‍ത്ത് അതോരിറ്റിയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. കേസില്‍ കഴിഞ്ഞ മേയ് മാസത്തില്‍ തന്നെ ഹെല്‍ത്ത് അതോരിറ്റി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 
ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉന്നത അതോരിറ്റി നവംബറില്‍ വിശദമായ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് സര്‍ജന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ വീഴ്ചകള്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തരവാദികളായ ഡോക്ടര്‍മാരുടെ ലൈസന്‍സുകള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ചികിത്സ നടത്തിയ ആശുപത്രി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 

ശ്വാസതടസത്തിന് ചികിത്സ തേടിയാണ് 24കാരയായ സ്വദേശി യുവതി ആശുപത്രിയിലെത്തിയത്. പരിശോധനകള്‍ക്ക് ശേഷം മൂക്കിലെ എല്ലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഇത്തരം ശസ്ത്രക്രിയകള്‍ നടത്താന്‍ സൗകര്യമില്ലാതിരുന്ന ക്ലിനിക്കില്‍ വെച്ചാണ് ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയക്കിടയിലും ഗുരുതരമായ പിഴവുകള്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായി.

ശസ്ത്രക്രിയക്കിടെ രോഗിയുടെ രക്തസമ്മര്‍ദം അപകടകരമായ വിധത്തില്‍ കുറയുകയും രക്തചംക്രമണത്തില്‍ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണത്തില്‍ തടസം നേരിടുകയും പലതവണ ഹൃദയസ്തംഭനവുമുണ്ടായതോടെ രോഗി 'കോമ' അവസ്ഥയിലേക്ക് പോവുകയായിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ മാറ്റിയെങ്കിലും ബോധം തെളിഞ്ഞിട്ടില്ല. ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ നേരിട്ട് പ്രശ്നത്തില്‍ ഇടപെടുകയും യുവതിക്ക് വിദേശത്ത് ചികിത്സ ഉറപ്പാക്കുകയും ചെയ്തിരുന്നു. ചികിത്സയുടെ ചിലവുകളും അദ്ദേഹം വഹിക്കുമെന്ന് കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios