ഔദ്യോഗിക ജോലി സമയം കഴിഞ്ഞതിന് ശേഷം മെഡിക്കൽ അവധി അനുവദിക്കാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. 

കുവൈത്ത് സിറ്റി: സബാഹ് അൽ സലേം നോർത്ത് സെന്‍ററിലെ രണ്ട് ഡോക്ടർമാർക്ക് നേരെ ജോലിസ്ഥലത്ത് വെച്ച് അജ്ഞാതനായ ഒരാൾ നടത്തിയ ആക്രമണത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. രാത്രി വൈകി ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഡോക്ടർമാരെ പിന്തുടർന്നെത്തിയ അക്രമി ക്ലിനിക്കിന്‍റെ പാർക്കിംഗ് സ്ഥലത്ത് വെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരാളുടെ കൈ ഒടിയുകയും ഇരുവർക്കും നിരവധി പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

ഔദ്യോഗിക ജോലി സമയം കഴിഞ്ഞതിന് ശേഷം മെഡിക്കൽ അവധി അനുവദിക്കാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് കേസ് രേഖകൾ സൂചിപ്പിക്കുന്നു. ആക്രമണം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്കെതിരെ കുവൈത്ത് മെഡിക്കൽ അസോസിയേഷന് വേണ്ടി ഹാജരായ അറ്റോർണി ഇലാഫ് അൽ-സലേഹ് ഔദ്യോഗിക പരാതി നൽകി. ഈ പരാതി സബാഹ് അൽ-സലേം പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രോസിക്യൂഷനിലേക്ക് മാറ്റുകയും, പ്രോസിക്യൂഷൻ ഇരകളിൽ ഒരാളുടെയും അൽ-സലേഹിന്റെയും മൊഴിയെടുത്തു. അൽ-റാസി ഓർത്തോപീഡിക് ഹോസ്പിറ്റലിൽ ചികിത്സയിലുള്ള മറ്റൊരു ഡോക്ടറുടെ മൊഴി ലഭിച്ച ശേഷം അന്വേഷണം പൂർത്തിയാക്കും.