Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ നാളെ മുതല്‍ എയര്‍പോര്‍ട്ട് ടാക്സ്

നാളെ മുതലുള്ള യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കിനൊപ്പം നികുതിയും ചേര്‍ത്തായിരിക്കും വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായാണ് നികുതി ഈടാക്കുന്നത്. 

domestic passengers to pay airport tax in saudi arabia from tomorrow
Author
Riyadh Saudi Arabia, First Published Dec 31, 2019, 9:58 AM IST

റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സ് പ്രാബല്യത്തില്‍ വരും. ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവരും ആഭ്യന്തര സര്‍വീസുകളില്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവരും 10 റിയാല്‍ വീതമാണ് നല്‍കേണ്ടത്.

നാളെ മുതലുള്ള യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കിനൊപ്പം നികുതിയും ചേര്‍ത്തായിരിക്കും വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായാണ് നികുതി ഈടാക്കുന്നത്. ചെറിയ കുട്ടികള്‍, വിമാന ജീവനക്കാര്‍, വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ വിമാനത്തില്‍ തന്നെയിരിക്കുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരില്‍ നിന്ന് നികുതി ഈടാക്കില്ല. എയര്‍പോര്‍ട്ട് ടാക്സ് തുകയ്ക്ക് കണക്കായി മൂല്യവര്‍ദ്ധിത നികുതിയും ഈടാക്കും. എല്ലാ മൂന്ന് വര്‍ഷത്തിലും നികുതി നിരക്ക് പുനഃപരിശോധിക്കാനാണ് തീരുമാനം.

യാത്രയ്ക്കിടയിലുള്ള ഓരോ വിമാനത്താവളവും ഉപയോഗിക്കുന്നതിന് 10 റിയാല്‍ വീതം യാത്രക്കാര്‍ നികുതി നല്‍കേണ്ടി വരും. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് യാത്ര ചെയ്യുന്നവര്‍ രണ്ട് വിമാനത്താവളങ്ങളിലും 10 റിയാല്‍ വീതം നികുതിയും അതിന്റെ അഞ്ച് ശതമാനം തുക മൂല്യവര്‍ദ്ധിത നികുതിയും നല്‍കണം. അതേസമയം അബഹ - ജിദ്ദ - അല്‍ ഖസീം റൂട്ടിലെ യാത്രയില്‍ ജിദ്ദ വിമാനത്താവളത്തെ ഒരേസമയം എത്തിച്ചേരാനും പുറപ്പെടാനുമുള്ള കേന്ദ്രമായി കണക്കാക്കും. അതുകൊണ്ടുതന്നെ ആകെ 40 റിയാല്‍ ആയിരിക്കും എയര്‍പോര്‍ട്ട് ടാക്സ് നല്‍കേണ്ടത്. ഇതിന് പുറമെ മൂല്യവര്‍ദ്ധിത നികുതിയുമുണ്ടാകും.

Follow Us:
Download App:
  • android
  • ios