റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ്, ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‍കാരത്തിന് അര്‍ഹനായി. ബിസിനസ് രംഗത്തെ നേട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്‍കാരമെന്ന് എംബസി അറിയിച്ചു. സൗദി ആസ്ഥാനമായി ബിസിനസ് സാമ്രാജ്യം പടുത്തുടയര്‍ത്തിയ ഡോ. സിദ്ദീഖ് അഹമ്മദ് സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമായ വ്യക്തിത്വമാണ്.

പതിനാറ് രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന നാല്‍പതിലധികം കമ്പനികളാണ് ഡോ. സിദ്ദീഖ് അഹമ്മദിന്റെ ബിസിനസ് സാമ്രാജ്യം. എണ്ണ-പ്രകൃതി വാതകം, ഊര്‍ജം, നിര്‍മാണം, ഉത്പാദനം, ട്രാവല്‍ ആന്റ് ടൂറിസം, ആരോഗ്യം, വിവര സാങ്കേതികവിദ്യ, മാധ്യമം, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ വിജയം കണ്ടെത്തിയ പ്രതിഭയാണ്. ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ കൊയ്‍ത് മുന്നേറുമ്പോളും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധ ചെലുത്തി.

രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഇ-ടോയ്‍ലറ്റ് സംവിധാനങ്ങള്‍, തന്റെ സ്വദേശമായ പാലക്കാട്ട് വേനല്‍കാലത്തെ വരള്‍ച്ച പരിഹരിക്കുന്നതിന് നടത്തിയ ക്രിയാത്‍മക ഇടപെടല്‍ തുടങ്ങിയവ സാമൂഹിക പ്രതിബദ്ധത ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം. സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലഘട്ടത്തില്‍ ജയിലിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അദ്ദേഹം പ്രത്യേക പദ്ധതി തന്നെ പ്രഖ്യാപിച്ചിരുന്നു. കായിക രംഗത്തും നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‍ട്രിയുടെ ആക്ടീവ് ഗള്‍ഫ് കമ്മിറ്റി അംഗമാണ്. മിഡില്‍ ഈസ്റ്റിലെ പെട്രോളിയം ക്ലബ് അംഗം, സൗദിയില്‍ 10 നിക്ഷേപക ലൈസന്‍സുള്ള മലയാളി എന്നിവയ്‍ക്ക് പുറമെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‍സ് ആന്റ് ഇന്‍ഡസ്‍ട്രി, അറബ് കൌണ്‍സില്‍ കോചെയര്‍, സൗദി ഇന്ത്യ ബിസിനസ് നെറ്റ്‍വര്‍ക്കിന്റെ കിഴക്കന്‍ പ്രവിശ്യ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. ഭാര്യ - നുഷൈബ, മക്കള്‍ - റിസ്‍വാന്‍, റിസാന, റിസ്‍വി