റിയാദ്: ഈ വര്‍ഷത്തെ ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോ. സിദ്ദീഖ് അഹമ്മദിന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി. പ്രവാസി ഭാരതീയ ദിവസായ ശനിയാഴ്ച റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം എത്തിയത്.  

ടോയ്‌ലറ്റിനെ കുറിച്ച് ആരും പരസ്യമായി പറയാന്‍ മടിച്ച കാലത്താണ് ആ രംഗത്ത് പുതിയ കണ്ടെത്തലുകളുമായി നിക്ഷേപമിറക്കാന്‍ താന്‍ മുതിര്‍ന്നതെന്നും സാനിേട്ടഷന്‍ രംഗത്ത് തന്റെ നേതൃത്വത്തില്‍ നടത്തിയ നൂതന സാങ്കേതിക വിദ്യയുടെ കണ്ടെത്തലും പ്രയോഗവത്കരണവുമാണ് പ്രവാസി ഭാരതീയന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിക്ക് തന്നെ തെരഞ്ഞെടുക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചതെന്നാണ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വീടുകളില്‍ സാധാരണ അവഗണിക്കപ്പെടുന്ന രണ്ട് ഇടങ്ങളിലൊന്നാണ് ടോയ്‌ലറ്റെന്നും എന്നാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയും ശുചിത്വ പരിചരണവും വേണ്ടത് അവിടെയാണെന്നും പ്രമുഖ പ്രവാസി വ്യവസായി കൂടിയായ അദ്ദേഹം പറഞ്ഞു. മറ്റൊന്ന് അടുക്കളയാണ്.

ഈ രണ്ടിടങ്ങളിലേയും ശുചിത്വമാണ് ആരോഗ്യപരമായ ജീവിതത്തിന് ഏറ്റവും അത്യാവശ്യം. ഇലക്ട്രോണിക് ടോയ്‌ലറ്റ് എന്ന നൂതന സാനിേട്ടഷന്‍ പദ്ധതിയാണ് തന്‍റെ കമ്പനിയായ ഇറം ഗ്രൂപ്പ് അവതരിപ്പിച്ചത്. ഇതിന്റെ ആഗോള ബൗദ്ധിക സ്വത്തവകാശവും തെന്റ കമ്പനിക്കാണ്. ആളുകളുടെ ആരോഗ്യപൂര്‍ണമായ ജീവിതത്തിന് തന്നെ കൊണ്ട് ചെയ്യാന്‍ കഴിയുന്നത് ചെയ്യുക എന്ന താല്‍പര്യത്തിലാണ് ഈ പദ്ധതിക്കായി പണം മുടക്കാന്‍ തയ്യാറായത്. അന്നങ്ങനെ ഇ ടോയ്‌ലറ്റുമായി രംഗത്തുവരുമ്പോള്‍ പലരും കളിയാക്കി. പക്ഷേ, പിന്നീട് കേന്ദ്ര സര്‍ക്കാര്‍ തന്നെ ശൗചാലയം ഒരു പ്രധാന വിഷയമാക്കി അവതരിപ്പിക്കുന്നതാണ് ഇന്ത്യ കണ്ടത്. ജലോപയോഗം ഏഴിലൊന്നായി കുറയ്ക്കാമെന്നതാണ് ഇ ടോയ്‌ലറ്റിന്റെ ഏറ്റവും വലിയ മേന്മ. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന നാടുകളില്‍ ഇത് വലിയ അനുഗ്രഹമാണ്. ജലോപയോഗം കുറയ്ക്കുന്നു എന്നത് മാത്രമല്ല, ശുദ്ധീകരിച്ച് പുനരുപയോഗം നടത്താന്‍ കഴിയുമെന്നതും ഈ നൂതന സാേങ്കതിക വിദ്യയുടെ പ്രത്യേകതയാണ്. ഇതുവരെ പൊതുശൗചാലയങ്ങളിലാണ് ഇ ടോയ്‌ലറ്റ് ഉപയോഗിച്ചിരുന്നത്. ഈ വര്‍ഷം വീടുകളില്‍ ഘടിപ്പിക്കാവുന്ന രീതിയിലുള്ള ഇ ടോയ്‌ലറ്റുകള്‍ വിപണിയിലിറക്കും.

ചൈന ഉള്‍പ്പെടെ വിവിധ വിദേശരാജ്യങ്ങളില്‍ ഇ ടോയ്‌ലറ്റ് പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. കൊവിഡ് കാലം തന്‍റെ വ്യക്തി, കുടുംബ ജീവിതത്തിനും വാണിജ്യ രംഗത്തിനും ഏറെ ഗുണം ചെയ്തതായും മുന്‍കാലങ്ങളിലെക്കാള്‍ തന്റെ കമ്പനികള്‍ ലാഭമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാദിലെ ഹയ്യാത്ത് റീജന്‍സി ഹോട്ടലില്‍ നടന്ന മീറ്റ് ദ പ്രസില്‍ മീഡിയ ഫോറം പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഉബൈദ് എടവണ്ണ പൂച്ചെണ്ട് നല്‍കി. ജോയിന്റ്‌ െസക്രട്ടറി ഹാരിസ് ചോല നന്ദി പറഞ്ഞു.