സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ലോഗോ പ്രകാശനവും ഷാനവാസ് ഖാന്റെ പുസ്തക പ്രകാശനവും വേദിയില്‍ അരങ്ങേറി. 

മനാമ: മനുഷ്യരെ അവരവരില്‍ നിന്ന് മോചിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് കലയും സാഹിത്യവും നിര്‍വഹിക്കുന്നതെന്ന് ഡോ. സുനില്‍ പി ഇളയിടം. ബഹ്‌റൈനില്‍ കേരളീയ സമാജത്തിന്റെ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അനുഭവങ്ങള്‍ക്കും വാക്കില്ലെന്നും ഇങ്ങനെ ഭാഷ പുറന്തള്ളുന്ന സൂക്ഷ്മാനുഭവത്തെ ഭാഷ കൊണ്ടു തന്നെ തിരിച്ചു പിടിക്കലാണ് കവിതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അനുഭവത്തിന്റെ അനന്യതയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് കല. അനുഭവങ്ങളുടെ ഉള്ളിലുള്ള വൈരുധ്യത്തെ അതു പുറത്തു കൊണ്ടുവരും. ഉറപ്പിച്ചു വെച്ച ലോകത്ത് വിള്ളലുണ്ടാക്കുകയും തുറസ്സിലേക്ക് കൊണ്ടു പോകുകയും ചെയ്യും. നിന്നിടത്ത് നിക്കാന്‍ വിടാതെ ഒരു ജീവിതത്തില്‍ അനവധി ജീവിതം സാഹിത്യം സാദ്ധ്യമാക്കുന്നു. സാഹിത്യം വ്യവസ്ഥയെ ഇളക്കാനാണ് ശ്രമിക്കുന്നത്, ഉറപ്പിക്കാനല്ല. അതു കൊണ്ട് തന്നെ ഫാസിസം സാഹിത്യത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.പ്രഭാഷണത്തിനു ശേഷം സുനില്‍ പി ഇളയിടവുമായി മുഖാമുഖവും നടന്നു.

സമാജം അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ലോഗോ പ്രകാശനവും ഷാനവാസ് ഖാന്റെ പുസ്തക പ്രകാശനവും വേദിയില്‍ അരങ്ങേറി. സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള അദ്ധ്യത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, സാഹിത്യ വിഭാഗം കണ്‍വീനര്‍ പ്രശാന്ത് മുരളീധര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, അനഘ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Read also:  പ്രവാസികളുടെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ ജോലി സ്ഥലങ്ങളില്‍ പരിശോധന