നഗരജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനുന്നതിനും ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വ ബോധം പകരാനും ലക്ഷ്യമിട്ടാണ് പുതിയ നടപടി.
ദുബായ്: കുടുംബസമേതം താമസിക്കുന്നവര്‍ക്കായി മാറ്റിവെച്ചിട്ടുള്ള പ്രദേശങ്ങളില്‍ അവിവാഹിതര്‍ താമസിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടി. ദുബായ് ഓഫീസേഴ്സ് ക്ലബില്‍ തിങ്കളാഴ്ച നടന്ന ആഭ്യന്തര മന്ത്രലായത്തിന്റെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നഗരജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനുന്നതിനും ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വ ബോധം പകരാനും ലക്ഷ്യമിട്ടാണ് പുതിയ നടപടി. തൊഴിലാളികള്‍, താഴ്ന്ന വരുമാനക്കാരായ അവിവാഹിതര്‍, ഒരു വീട്ടില്‍ തന്നെ കഴിയുന്ന ഒന്നിലധികം കുടുംബങ്ങള്‍ എന്നിവരെയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം എക്സിക്യൂട്ടീവ് ടീം തലവന്‍ ഡോ. അബ്ദുല്‍ ഖുദ്ദൂസ് അല്‍ ഉബൈദി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും കുടുംബങ്ങള്‍ക്കായി മാറ്റി വെച്ചിട്ടുള്ള താമസ സ്ഥലങ്ങളില്‍ തൊഴിലാളികള്‍ താമസിക്കുന്നത് തടയാനുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടുംബമായി താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തൊഴിലാളികള്‍ക്ക് ആരോഗ്യകരമായ ചുറ്റുപാടില്‍ താമസമൊരുക്കാനും അവരുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ അവിവാഹിതര്‍ കൂടി താമസിക്കുന്ന സ്ഥലങ്ങളിലെ കുടുംബങ്ങളില്‍ നിന്ന് ആദ്യഘട്ടത്തില്‍ വിവരശേഖരണം നടത്തും. സുരക്ഷിതത്വ ബോധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ സര്‍വ്വേ ഫലം കൂടി അടിസ്ഥാനപ്പെടുത്തിയാകും തീരുമാനങ്ങള്‍. വാണിജ്യ മേഖലകളില്‍ ഒരുമിച്ചുള്ള താമസം അനുവദനീയമാണെന്നും എന്നാല്‍ പുരുഷന്മാരും സ്ത്രീകളും ഇങ്ങനെ ഒരു മുറിയില്‍ തന്നെ കഴിയാന്‍ പാടില്ലെന്നും ദുബായ് മുനിസിപ്പാലിറ്റി ആരോഗ്യ നിരീക്ഷണ വിഭാഗം ഡയറക്ടര്‍ ഹാഫിസ് ഗലൂം അറിയിച്ചു. ഇത്തരം താമസ സ്ഥലങ്ങളില്‍ പരമാവധി അംഗങ്ങളുടെ എണ്ണവും നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
