കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് നിര്‍മാണം നടത്തിയ ഇന്ത്യക്കാരിയുള്‍പ്പെട്ട സംഘം പിടിയിലായി. കുവൈത്ത് കംസ്റ്റംസിന്റെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയത്തിലെ നര്‍ക്കോട്ടിക്സ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെ‍യ്‍തത്. ഇന്ത്യക്കാരിക്ക് പുറമെ ഒരു കുവൈത്ത് പൗരനും ഒരു ഈജിപ്‍ഷ്യന്‍ പൗരനുമാണ് സംഘത്തിലുണ്ടായിരുന്നത്. 

വിദേശത്ത് നിന്നുവന്ന ഒരു പാര്‍സല്‍ കസ്റ്റംസിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. പോസ്റ്റ് വഴിയെത്തിയ ഈ പാര്‍സലില്‍ രണ്ട് കിലോഗ്രാം മയക്കുമരുന്നാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഉടമയെ തേടിയുള്ള അന്വേഷണം ഈജിപ്‍ഷ്യന്‍ പൗരനിലേക്കെത്തി. പാര്‍സല്‍ വാങ്ങാനെത്തിയപ്പോള്‍ ഇയാള്‍ പിടിയിലാവുകയും ചെയ്‍തു.

ഇയാളെ ചോദ്യം ചെയ്‍തപ്പോഴാണ് മറ്റ് രണ്ട് പേരെക്കുറിച്ചുള്ള വിവരം കൂടി ലഭിച്ചത്. സാല്‍മിയയിലെ ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ മയക്കുമരുന്ന് നിര്‍മാണം. ഇവിടെ വെച്ചാണ് ഇന്ത്യക്കാരി അറസ്റ്റിലായത്. മയക്കുമരുന്ന് നിര്‍മാണത്തിനുപയോഗിക്കുന്ന വസ്‍തുക്കളും ഡിജിറ്റല്‍ ത്രാസും മയക്കുമരുന്ന് പാക്കറ്റുകളില്‍ നിറയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെയുണ്ടായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട കുവൈത്തി പൗരന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.