ദുബായ്: കാറിന്റെ സ്‍പെയര്‍ പാര്‍‍ട്‍സുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഏഴ് പ്രവാസികള്‍ പിടിയിലായി. 72 കിലോഗ്രാം മയക്കുമരുന്നാണ് ഇവര്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ജബല്‍ അലി പോര്‍ട്ടില്‍വെച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്പെയര്‍ പാര്‍ട്‍സുകള്‍ക്കുള്ളില്‍ മയക്കുമരുന്ന് ഉള്ളതായി കണ്ടെത്തിയത്. 

അഫ്‍ഗാനിസ്ഥാനില്‍ നിന്ന് ഇറാന്‍ വഴി ദുബായിലെത്തിയ പാര്‍സലില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു.  സാധാരണയായി ഭക്ഷ്യ വസ്തുക്കള്‍ മാത്രം രാജ്യത്തേക്ക് കൊണ്ടുവന്നിരുന്ന കമ്പനിയുടെ പേരില്‍ വാഹനങ്ങളുടെ സ്‍പെയര്‍ പാര്‍ട്സുകള്‍ എത്തിയതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇവ നിരീക്ഷിച്ചുവരികയായിരുന്നു. ഇവ ഏറ്റുവാങ്ങാനെത്തിയ ആള്‍ 50 ദിവസത്തേക്ക് ഇവ തുറമുഖത്തുതന്നെ സൂക്ഷിക്കാനുള്ള ഫീസ് അടച്ചു. വിശദ പരിശോധന നടത്തിയ ശേഷമേ സാധനങ്ങള്‍ വിട്ടുനല്‍കൂ എന്ന് കാണിക്കുന്ന കത്ത് ഉദ്യോഗസ്ഥര്‍ ഇയാള്‍ക്ക് കൈമാറുകയും ചെയ്തു.

പിന്നീട് മറ്റ് രണ്ട് പേര്‍ക്കൊപ്പമാണ് ഇയാല്‍ തിരിച്ചെത്തിയത്. വിശദ പരിശോധന നടത്തിയപ്പോള്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.  സാധനങ്ങള്‍ ഏറ്റെടുക്കാനെത്തിയ മൂവര്‍ സംഘത്തെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. പോര്‍ട്ടിന് പുറത്ത് ഇവരെ കാത്തുനില്‍ക്കുകയായിരുന്ന മറ്റ് രണ്ടുപേരെയും പൊലീസ് പിടികൂടി ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറി.

യുഎഇയിക്ക് പുറത്ത് താമസിക്കുന്ന മറ്റൊരാളുടേതാണ് ഈ സാധനങ്ങളെന്നും ഇവ പോര്‍ട്ടില്‍ നിന്ന് ഏറ്റുവാങ്ങി മറ്റ് രണ്ടുപേര്‍ക്ക് കൈമാറാന്‍ മാത്രമാണ് തങ്ങളോട് ആവശ്യപ്പെട്ടിരുന്നതെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞു. പിടിയിലായ പ്രതികളുടെ സഹകരണത്തോടെ ഈ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് പേരെയും കഴിഞ്ഞ ദിവസം ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.