ദുബായ്: മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനൊടുവില്‍ പ്രവാസി തന്റെ സുഹൃത്തിനെ മര്‍ദിച്ചുകൊന്നു. മൊബൈല്‍ ഫോണ്‍ മോഷണം പോയതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.  കേസില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം കോടതിയിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.

സുഹൃത്തിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി കോടതിയില്‍ മൊഴി നല്‍കി. കൊലപ്പെട്ടയാളുടെയും പ്രതിയുടെയും സുഹൃത്തായ ഇന്ത്യക്കാരനാണ് കേസിലെ പ്രധാന സാക്ഷി. തന്റെ മൊബൈല്‍ ഫോണ്‍ കാണാതായതിനെച്ചൊല്ലിയായിരുന്നു തര്‍ക്കമെന്ന് ഇയാള്‍ കോടതിയോട് പറഞ്ഞു. പ്രതിയും കൊല്ലപ്പെട്ടയാളും മറ്റൊരു ഇന്ത്യക്കാരനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിരുന്ന് മദ്യപിക്കുന്നതിനിടെ മൊബൈല്‍ ഫോണിനെച്ചൊല്ലി തര്‍ക്കമുണ്ടായി.

സുഹൃത്താണ് ഫോണ്‍ മോഷ്ടിച്ചതെന്ന് പ്രതി ആരോപിച്ചു. ഇത് നിഷേധിച്ചതോടെ ഇരുവരും തമ്മില്‍ അടിപിടിയായി. പ്രതി നെഞ്ചില്‍ ശക്തമായി ചവിട്ടിയതോടെ സുഹൃത്ത് ബോധരഹിതനായി. ഇയാളെ ഇവിടെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ പോവുകയായിരുന്നു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാള്‍ കൊല്ലപ്പെട്ട വിവരം മറ്റുള്ളവര്‍ അറിഞ്ഞത്.

മര്‍ദിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്ത കാര്യം പ്രതി പൊലീസിനോട് സമ്മതിച്ചു. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ചെയ്തതല്ലെന്നും തന്റെ മാതാപിതാക്കളെ അപമാനിച്ചപ്പോള്‍ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. കൊല്ലപ്പെട്ടയാള്‍ക്ക് നെഞ്ചിലും കഴുത്തിലും തലയിലും പരിക്കേറ്റിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ഇയാള്‍ മരണപ്പെടുന്ന സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. കേസില്‍ ജൂലൈ 27ന് കോടതി വിധി പറയും.