റാസല്‍ഖൈമ: മദ്യ ലഹരിയില്‍ സുഹൃത്തിനെ അടിച്ചുകൊന്ന കേസില്‍ പ്രവാസിക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും റാസല്‍ഖൈമ ക്രിമിനല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതിയും കൊല്ലപ്പെട്ട സുഹൃത്തും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമായിരുന്നു കൊലപാതകമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ഒരു കെട്ടിടത്തിനുള്ളിലിരുന്ന് മദ്യപിക്കുന്നതിനിടെ കൊല്ലപ്പെട്ട വ്യക്തി ,മദ്യലഹരിയില്‍ സുഹൃത്തിന്റെ ശരീരത്തിലേക്ക് മൂത്രമൊഴിച്ചു. ഇതേതുടര്‍ന്ന് കുപിതനായ ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിനൊടുവില്‍ തല ബലമായി പിടിച്ച് ഭിത്തിയില്‍ ഇടിച്ചു. പല തവണ ഇതാവര്‍ത്തിച്ചതോടെ ഇയാള്‍ മരണപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം അവിടെ നിന്ന് സ്ഥലംവിട്ട പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‍തു. കെട്ടിടത്തില്‍ ജോലി ചെയ്‍തിരുന്ന മറ്റൊരാളാണ് മൃതദേഹം കണ്ട് അധികൃതരെ വിവരമറിയിച്ചത്. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുള്ള നിര്‍ണായക തെളിവായി മാറിയത്.