ഏപ്രില്‍ 15 തിങ്കളാഴ്ചയായിരിക്കും അവധിക്ക് ശേഷം ക്ലാസുകള്‍ പുനരാരംഭിക്കുക.

ദുബൈ: ദുബൈയിലെ എല്ലാ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, നഴ്‌സറികള്‍ എന്നിങ്ങനെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. വൈജ്ഞാനിക മാനവ വികസന അതോറിറ്റി (കെ എച്ച് ഡി എ) ആണ് അവധി പ്രഖ്യാപിച്ചത്. 

ഏഴു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ശനിയാഴ്ച വരെ അവധി ലഭിക്കും. ഏപ്രില്‍ 15 തിങ്കളാഴ്ചയായിരിക്കും അവധിക്ക് ശേഷം ക്ലാസുകള്‍ പുനരാരംഭിക്കുക. വാരാന്ത്യ അവധി ദിവസങ്ങളായ ശനി, ഞായര്‍ കൂടി കണക്കിലെടുക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആകെ ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുക. 

Read Also -  ഗ്രാന്‍ഡ് പ്രൈസ് തൂക്കി! ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം ഇത്തവണയും ഇന്ത്യയിലേക്ക്; ഭാഗ്യശാലി നേടിയത് കോടികൾ

യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം പുനരാരംഭിക്കുക. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും. റമദാൻ 29 തിങ്കൾ (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും. 

ശവ്വാല്‍ ഒന്നിനാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. മാസപ്പിറവി ദൃശ്യമായാലും ഇല്ലെങ്കിലും ഏപ്രില്‍ എട്ട് മുതല്‍ അവധി ആരംഭിക്കും. രാ​ജ്യ​ത്ത്​ ഈ ​വ​ർ​ഷം ല​ഭി​ക്കു​ന്ന ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ അ​വ​ധി​യാ​യി​രി​ക്കു​മി​ത്. പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ച നീളുന്ന ചെറിയ പെരുന്നാള്‍ അവധി ഷാര്‍ജയും ദുബൈയും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...