ദുബായ്: ദുബായില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്കുള്ള തൊഴിലാളികളുടെ യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് മുനിസിപ്പാലിറ്റി സര്‍ക്കുലര്‍ പുറത്തിറക്കി. കൊവിഡ് 19 വ്യാപനത്തിനെതിരായ ജാഗ്രാതാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണം. ദുബായ് എമിറേറ്റിന് പുറത്തേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. അതുപോലെ മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള തൊഴിലാളികളെ ദുബായിലേക്ക് കൊണ്ടുവരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സര്‍ക്കുലര്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

കഴിഞ്ഞ ദിവസം അബുദാബിയിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അബുദാബിക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ എമിറേറ്റിലേക്ക് കൊണ്ടുവരരുതെന്നും ഇപ്പോഴുള്ള തൊഴിലാളികളെ എമിറേറ്റിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നുമായിരുന്നു നിര്‍ദേശം. ഇത് ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.