വിശ്വസുന്ദരി മത്സരത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് പലസ്തീനെ പ്രതിനിധീകരിച്ച് മത്സരാര്‍ത്ഥിയെത്തുന്നത്. 

ദുബൈ: യുദ്ധഭീതിയും ദാരിദ്ര്യവും നിരന്തരം വേട്ടയാടുന്ന പലസ്തീന്‍. മിസൈലുകളുടെയും വെടിക്കോപ്പുകളുടെയും കാതടപ്പിക്കുന്ന ശബ്ദം നിശബ്ദരാക്കിയ ജനത. എന്നാല്‍ പലസ്തീനില്‍ നിന്ന് ലോകവേദിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ഒരു സ്ത്രീശബ്ദം. ലോകസുന്ദരിപ്പട്ടത്തിനായി മത്സരിക്കുന്നവരില്‍ ഒരു പലസ്തീന്‍ സുന്ദരിയും. നദീന്‍ അയൂബ് എന്ന യുവതിയാണ് മിസ് യൂണിവേഴ്സ് 2025 വേദിയില്‍ പലസ്തീനെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. നവംബര്‍ 21ന് തായ്‍ലന്‍ഡിലാണ് മത്സരം നടക്കുക.

വിശ്വസുന്ദരി മത്സരത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് പലസ്തീനെ പ്രതിനിധീകരിച്ച് ഒരു യുവതി മത്സരിക്കാനെത്തുന്നത്. ദുബൈയില്‍ താമസിക്കുന്ന പലസ്തീന്‍ സ്വദേശിനിയായ നദീന്‍ അയൂബ് 2022ലാണ് പലസ്തീനിലെ സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടിയത്. സൈക്കോളജി വിദ്യാര്‍ത്ഥി കൂടിയാണ് നദീന്‍. പലസ്തീനിലെ സ്ത്രീകളുടെയും കുട്ടികളുടെയും നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും സ്വപ്നങ്ങളുടെയും സ്വരമായി തായ്‌ലൻ‍ഡിലെ മത്സരവേദിയിൽ താനുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നദീൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരു്ന. ‘ലോകം മുഴുവനും എന്റെ ജന്മനാട്ടിലേക്കു നോക്കുകയാണ്. വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ വലിയ ഉത്തരവാദിത്തങ്ങളാണ് ഞാനേറ്റെടുക്കുന്നത്. ഇത് വെറുമൊരു ടൈറ്റില്‍ അല്ല, പലസ്തീന് വേണ്ടി സംസാരിക്കാനുള്ള വേദിയാണ്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികള്‍ക്കും വേണ്ടി' – നദീൻ പറയുന്നു.

ഒരു സൈക്കോളജി വിദ്യാർത്ഥി എന്ന നിലയിൽ അവർ, ഗാസയിലെ തകർന്ന മാനസികാരോഗ്യ സേവനങ്ങളെക്കുറിച്ചും സംഘർഷങ്ങൾക്കിടയിൽ വളരുന്ന കുട്ടികളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും അവബോധം വളർത്തുന്ന സാമൂഹിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ട്.

View post on Instagram