ജീവനക്കാരുള്‍പ്പെടെ 180 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം പ്രത്യേക ഏരിയയിലേക്ക് മാറ്റി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ചെന്നൈ: ചെന്നൈയില്‍ നിന്ന് ദുബൈയിലേക്ക് പോകേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ബോംബ് ഭീഷണിയെ തുടര്‍ന്ന് ആറ് മണിക്കൂര്‍ വൈകി. ശനിയാഴ്ച രാവിലെ 7.20ന് ദുബൈയിലേക്ക് പുറപ്പെടേണ്ട 6E 65, വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം ചെന്നൈയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചത്. 

ജീവനക്കാരുള്‍പ്പെടെ 180 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനം പ്രത്യേക ഏരിയയിലേക്ക് മാറ്റി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നിയമപ്രകാരമമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍വീസ് ഉച്ചയ്‍ക്ക് മണിയിലേക്ക് പുനഃക്രമീകരിച്ചു. അതുവരെയുള്ള സമയത്തേക്ക് യാത്രക്കാര്‍ക്ക് വിമാനക്കമ്പനി താമസ സൗകര്യം ഏര്‍പ്പെടുത്തി.

പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജ സന്ദേശം നല്‍കിയ വ്യക്തിയെ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് അറസ്റ്റ് ചെയ്‍തു. 43 വയസുകാരനായ രഞ്ജിത്ത് എന്നയാളാണ് ചെന്നൈ പൊലീസിന്റെ പിടിയിലായത്. ഒരു ട്രാവല്‍ ഷോപ്പ് ഉടമയായ ഇയാള്‍ തന്റെ രണ്ട് കുടുംബാംഗങ്ങള്‍ രാജ്യം വിട്ട് പോകുന്നത് തടയാനാണ് ഭീഷണി സന്ദേശം നല്‍കിയതെന്ന് പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയിലെ ആഡംബര ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി വ്യാജം, പ്രതികൾ പിടിയിൽ

മുംബൈ: മുംബൈയിൽ ആഡംബര ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ബിഹാർ സ്വദേശികളാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം ഗുജറാത്തിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്ന ഇവർ പെട്ടന്ന് പണം ഉണ്ടാക്കാൻ വേണ്ടിയാണ് ഭീഷണി മുഴക്കിയതെന്ന് പൊലീസ് പറഞ്ഞു

വിമാനത്താവളത്തിനടുത്തുള്ള ലളിത് ഹോട്ടലിലേക്കാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോൾ എത്തിയത്. ഹോട്ടലിലെ അഞ്ചിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും 5 കോടി രൂപ തന്നില്ലെങ്കിൽ സ്ഫോടനം നടത്തുമെന്നുമായിരുന്നു അജ്ഞാതന്‍റെ ഭീഷണി. പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

 മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് മറ്റൊരു ഭീഷണി സന്ദേശവും പൊലീസിന് ലഭിച്ചിരുന്നു. മുംബൈ പൊലീസിന്‍റെ ട്രാഫിക് ഹെൽപ് ലൈൻ നമ്പറിലേക്കാണ് ഈ സന്ദേശമെത്തിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമാവും ആക്രമണമെന്നും ഇന്ത്യയിൽ 6 പേരെ കൊല്ലാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ആയിരുന്നു സന്ദേശം. മഹാരാഷ്ട്രാ തീരത്ത് ആയുധങ്ങളുമായി ബോട്ട് കണ്ടെത്തിയ സാഹചര്യത്തിൽ അതിജാഗ്രതയിൽ തുടരുന്നതിനിടെയാണ് ഈ വാട്സ് ആപ്പ് സന്ദേശമെത്തിയത്.