ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം 14 മണിക്കൂര്‍ വൈകിയ ശേഷമാണ് റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചത്. ഓപ്പറേഷണൽ കാരണങ്ങളാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണമെന്നാണ് എയർലൈൻ അറിയിച്ചത്.

ദുബൈ: ജയ്പൂരിൽ നിന്ന് ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകള്‍ വൈകിയ ശേഷം റദ്ദാക്കി. ചൊവ്വാഴ്ച ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനമാണ് 14 മണിക്കൂര്‍ വൈകിയ ശേഷം റദ്ദാക്കിയത്. ഇതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.

രാവിലെ 9.30ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റിന്‍റെ എസ്.ജി-57 വിമാനം 14 മണിക്കൂർ വൈകിയ ശേഷം വൈകുന്നേരത്തോടെ റദ്ദാക്കുകയായിരുന്നു. ഓപ്പറേഷണൽ കാരണങ്ങളാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണമെന്നാണ് എയർലൈൻ അറിയിച്ചത്. രാവിലെ മുതൽ ടെർമിനലിൽ കാത്തിരുന്ന യാത്രക്കാർക്കിടയിൽ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഭക്ഷണത്തിനോ താമസത്തിനോ യാതൊരു സൗകര്യവും ഒരുക്കിയില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

ടെർമിനൽ ഒന്നിൽ വെച്ച് നിരവധി യാത്രക്കാർ എയർലൈൻ ജീവനക്കാരെ തടയുകയും താമസ, ഭക്ഷണ സൗകര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. വിമാനം റദ്ദാക്കിയ വിവരം അറിയും മുമ്പ് തന്നെ ഒരു ദിവസം മുഴുവൻ വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടി വന്നതായി നിരവധി പേർ പറഞ്ഞു.